കല്പറ്റ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ 8:45ന് കണ്ണൂര്‍ വിമാന താവളത്തിലെത്തുന്ന രാഹുലിന് വലിയ സ്വീകരണമാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. എകെജി സെന്റ്ററിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലും രാഹുലിന്റെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലും വന്‍ സുരക്ഷയാണു പൊലീസ് ക്രമീകരിച്ചിരിക്കുന്നത്.
മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് കെട്ടിട്ടത്തിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിങ്ങിലും എംപി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്ക്വയറില്‍ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തില്‍ യുഡിഎഫ് എംഎല്‍എമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും.
കല്പറ്റയിലെ എംപി ഓഫിസ് സന്ദര്‍ശനം നിലവില്‍ തീരുമാനിച്ചിട്ടില്ല. ജൂലൈ രണ്ടിന് നെന്മേനിയിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ഗാന്ധി മലപ്പുറത്തേക്ക് പോകും. വണ്ടൂരില്‍ സംഘടിപ്പിക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിനും മലപ്പുറത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങും.