തിരുവല്ല: കെ റെയിലിന്റെ സര്‍വേ പൂര്‍ത്തിയായതോടെ ജില്ലയില്‍ 44. 47 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇതില്‍ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ടവയാണ്. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് സര്‍വേ നമ്പറും പ്രസിദ്ധീകരിച്ചത് പ്രകാരം തിരുവല്ല താലൂക്കിലെ കോയിപ്രം, ഇരവിപേരൂര്‍, കവിയൂര്‍, മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ കുന്നന്താനം പഞ്ചാത്തുകളിലെ സ്ഥലങ്ങളാണ് കൂടുതലായി ഉള്‍പ്പെട്ടിട്ടുള്ളത്. പദ്ധതിക്കു നേതൃത്വം നല്‍കുന്ന കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പാതയുടെ അലൈന്‍മെന്റ് പ്രസിദ്ധീകരിച്ചിരുന്നു.
ഇതു പ്രകാരം ജില്ലയിലെ നെല്ലിക്കല്‍, കോയിപ്രം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാന്താനം എന്നീ സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. ആറാട്ടുപുഴയിലൂടെ ജില്ലയില്‍ പ്രവേശിക്കും. മാന്താനം, മാടപ്പള്ളി പ്രദേശങ്ങളിലൂടെ കോട്ടയം ജില്ലയിലേക്കു കടക്കും. 11 ജില്ലകളില്‍ കൂടി നിര്‍ദിഷ്ട പാത കടന്നു പോകുന്നുണ്ട്. ഇതില്‍ സ്റ്റേഷനോ , സ്റ്റോപ്പോ ഇല്ലത്ത ജില്ല കൂടിയാണ് പത്തനംതിട്ട. ആലപ്പുഴ ജില്ലയിലെ സ്റ്റോപ് മുളക്കുഴയ്ക്ക് സമീപമാണ് നിശ്ചയിച്ചിരിക്കുന്നത്.കോട്ടയത്തും സ്റ്റോപ്പുണ്ട്.ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂരില്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നീക്കമുണ്ടായിരുന്നു.എന്നാല്‍ വേണ്ടത്ര യാത്രക്കാരെ കിട്ടില്ലെന്ന കാരണത്താല്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഇത് വേണ്ടെന്നുവച്ചു.
റെയില്‍ പാതയ്ക്കായി നദിക്ക് കുറുകെ ജില്ലയില്‍ പാലങ്ങള്‍ വേണ്ടി വരും .ആറാട്ടുപുഴക്ക് സമീപം പമ്പാ നദിയിലും ഇരവിപേരൂരിനും കല്ലൂപ്പാറയ്ക്കും ഇടയില്‍ മണിമലയാറ്റിലുമാണ് പാലങ്ങള്‍. നഗര പ്രദേശങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മിക്കാനും ഗ്രാമങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കാനുമാണ് ഉദ്ദേശിക്കുന്നത്.ഗ്രാമപ്രദേശങ്ങളില്‍ വയല്‍, ചതുപ്പുനിലം, കൃഷി സ്ഥലം എന്നിവിടങ്ങളിലൂടെയാണ് ഭൂരിഭാഗം പാതയും കടന്നു പോകുന്നത്. സര്‍വേ പ്രകാരം തിരുവല്ല , മല്ലപ്പള്ളി താലൂക്കുകളില്‍ 350 വീടുകള്‍ നഷ്ടമായേക്കാം.
ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തിലാണ് ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്.ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800 എങ്കിലും വരും.സ്ഥലമേറ്റെടുക്കല്‍ നടപടിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. എന്നാലും ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മഹാപ്രളയം ഏറ്റവും അധികം നാശം വരുത്തിയ മേഖലകളിലൂടെയാണ് പുതിയ പാത എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഈ മേഖലയിലെ വയല്‍, ചതുപ്പ് നിലം, നീര്‍ത്തടങ്ങള്‍ എന്നിവ നികത്തിയാല്‍ ചെറിയ വെള്ളപ്പൊക്കം പോലും അതിജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ആശങ്കയും പ്രദേശ വാസികള്‍ക്ക് ഉണ്ട്. ഓരോ പ്രളയകാലത്തും മണിമലയാറ്റിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതും ആശങ്ക ഉയര്‍ത്തുന്നു.