കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0 second read
0
0

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വെ ബോര്‍ഡ് പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തലസൗകര്യ വികസന പദ്ധതികള്‍ക്കായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്തില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനുതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത്, ബിസിനസ്, സാങ്കേതിക ടൂറിസം മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല.

പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാകുന്നു എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഭൂമി ഏറ്റെടുക്കല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഒരാളുപോലും ഇതിനാല്‍ ഭവനരഹിതനാകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഇത്തരം പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ തുടക്കത്തിലുണ്ടായ പ്രചരണവും ആശങ്കയും മറികടന്നുകൊണ്ട് അവ നടപ്പിലാക്കാന്‍ കഴിഞ്ഞ അനുഭവം ഗെയ്ല്‍, പവര്‍ ഹൈവേ, ജലപാത – നമ്മുടെ മുന്നിലുണ്ട് എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ എന്നും മുഖ്യമന്ത്രി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രശ്‌നങ്ങളും ദൂരീകരിക്കുന്നതിനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പബ്ലിക് ഹിയങ് നടത്തുന്നതാണെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…