തിരുവനന്തപുരം: നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബഡ്ജറ്റില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച പ്രഖ്യാപനമില്ല. പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് ബഡ്ജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇതുവരെ പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതികള്‍ പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഏറെ വിവാദമുണ്ടാക്കിയെങ്കിലും കേന്ദ്ര ബഡ്ജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമോ എന്ന് സംസ്ഥാനം ഉറ്റുനോക്കുകയായിരുന്നു.
കേരളത്തിന്റെ പ്രതീക്ഷയെ തകര്‍ത്തുകൊണ്ട് റെയില്‍വേ വികസനത്തിന്റെ തുടര്‍ച്ചയായി പോലും ഇത് പരിഗണിക്കുന്നില്ല എന്നാണ് ബഡ്ജറ്റ് നല്‍കുന്ന സൂചന. ഇതോടെ പദ്ധതിയുടെ മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. ധനവകുപ്പ് പണം നല്‍കിയാല്‍ തങ്ങളുടെ വിഹിതം നല്‍കാമെന്ന് ഇന്ത്യന്‍ റെയില്‍വേ സര്‍ക്കാരിനും കെ റെയിലിനും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഗതാഗത പദ്ധതികള്‍ക്കായി പ്രത്യേക തുകയോ ,റെയില്‍ വികസനത്തിനായി അധിക തുകയോ നീക്കിവയ്ക്കാത്തതിനാല്‍ അതും സില്‍വര്‍ ലൈനിനായി പ്രയോജനപ്പെടുത്താന്‍ കഴിയില്ല.