ന്യൂഡല്‍ഹി:സില്‍വര്‍ലൈന്‍ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണെന്ന് ഉന്നത റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചു.
പദ്ധതിസംബന്ധിച്ച് കേരളസര്‍ക്കാരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തതയും വിശദീകരണവും ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.
അലെയ്ന്‍മെന്റ്, സാമ്പത്തികമായ പ്രായോഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ റെയില്‍വേ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനുപുറമേ, പദ്ധതിക്കായി റെയില്‍വേയുടെ ഭൂമി വിട്ടുകൊടുക്കാനും തത്ത്വത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, പദ്ധതിയില്‍ ഓഹരിപങ്കാളിത്തം വഹിക്കുന്ന കാര്യത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇതുവേണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇക്കാര്യം റെയില്‍വേ തീരുമാനിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍, പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ ഭരണതലത്തിലുള്ള തീരുമാനങ്ങള്‍ക്ക് ഇനിയും കടമ്പകളുണ്ടെന്നും റെയില്‍വേ മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.