തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകള്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം നടത്തുന്നത് മറ്റുകേന്ദ്രങ്ങളെ ആശ്രയിച്ച്. ഇടുക്കി, പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലകളിലാണിത്. ഇവിടങ്ങളില്‍ ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും അവ പ്രവര്‍ത്തന രഹിതമാണ്.
ചില ഗവേഷണ കേന്ദ്രങ്ങളിലേയും സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥ ഉപകരണങ്ങളില്‍ നിന്നുമുള്‍പ്പെടെ വിവരം ശേഖരിച്ച് അതിന്റെ ശരാശരിയെടുത്താണ് പ്രവചനം നടത്തുന്നത്. വിവരങ്ങള്‍ നല്‍കുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ക്ക് നിശ്ചിത തുകയും നല്‍കുന്നുണ്ട്. വര്‍ഷങ്ങളായി ഇതാണ് അവസ്ഥ. പത്ത് ജില്ലകളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പിന് സംസ്ഥാനത്ത് 12 സ്റ്റേഷനുകളാണുള്ളത്. ഇല്ലാത്ത നാല് ജില്ലകളില്‍ അത് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.