തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചു. മറ്റന്നാള്‍ വടക്കന്‍ കേരളത്തിലേക്കും അതിതീവ്രമഴ വ്യാപിക്കുമെന്നാണു പ്രവചനം. 2 ദിവസമായി മഴക്കെടുതികളില്‍ 7 പേര്‍ മരിച്ചു. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂര്‍ നെടുമ്പൊയിലിലും ഉരുള്‍പൊട്ടി. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ദേശീയ ദുരന്തനിവാരണ സേനയുടെ 4 സംഘങ്ങള്‍ സംസ്ഥാനത്തെത്തി.
012 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 165 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 5 വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്ണൊലിപ്പു സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മലയോര മേഖലയിലേക്കു രാത്രിയാത്ര ഒഴിവാക്കണം. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനം വിലക്കി. കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫിസിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.