ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘സിട്രാങ്’എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാന്‍ഡ്വിപ്പിനുമിടയില്‍ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വൈകുന്നേരം 5.30 ന് ബംഗാളിലെ സാഗര്‍ ദ്വീപിന് തെക്ക് 580 കിലോമീറ്റര്‍ ദൂരത്തും ബംഗ്ലാദേശിലെ ബാരിസാലിനു തെക്ക്-തെക്ക് പടിഞ്ഞാറായി 740 കിലോമീറ്റര്‍ അകലെയായിരുന്നു സ്ഥാനം. ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഒഡീഷയിലെ ചില ഭാഗങ്ങളിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ബംഗാളിലെ സാഗര്‍ ദ്വീപിന് 1,460 കിലോമീറ്റര്‍ തെക്കുകിഴക്കായി വടക്കന്‍ ആന്ഡമാനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ ന്യൂനമര്‍ദം രൂപപ്പെട്ടത്.