ദുബായ്: വേനല്‍ച്ചൂടിന് ആശ്വസമേകി ആര്‍ത്തിരമ്പിയെത്തിയ മഴയുടെ മട്ടുമാറിയതോടെ വടക്കന്‍ മേഖലകളില്‍ പ്രളയ പ്രതീതി. ഇന്നലെ മഴ കുറവായിരുന്നെങ്കിലും താഴ്ന്ന മേഖലകള്‍ ഇപ്പോഴും വെള്ളത്തിലാണ്. പലയിടങ്ങളിലും ഇന്നലെ പുലര്‍ച്ചെയും ശക്തമായ മഴ പെയ്തു. രാത്രിയും തുടരാനിടയുള്ളതിനാല്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പല സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
വെള്ളമിറങ്ങാത്തതിനാല്‍ മുറികളില്‍ തന്നെ കഴിയുകയാണെന്നു താമസക്കാര്‍ പറഞ്ഞു. അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. സൈന്യം, പൊലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സന്നദ്ധസംഘടനകളും പങ്കെടുക്കുന്നു.
വെള്ളം കയറിയ വീടുകളില്‍ നിന്നു താമസക്കാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കും ഹോട്ടലുകളിലേക്കും മാറി. ചില ഹോട്ടലുകാര്‍ സൗജന്യമായി ഭക്ഷണം നല്‍കി. വാദികള്‍, മലനിരകള്‍ എന്നിവിടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാദി അല്‍ ബയ്ഹ്, വാദി ഗലീല ഡാം എന്നിവ നിറഞ്ഞൊഴുകുന്നതിനാല്‍ സമീപ മേഖലകള്‍ പൂര്‍ണമായും വെള്ളത്തിലായി.
ഒമാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന റാസല്‍ഖൈമ മേഖലകള്‍ ഏറെക്കുറെ ഒറ്റപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ചില വീടുകള്‍ ഭാഗികമായി തകര്‍ന്നു. വെള്ളമിറങ്ങിയ റോഡുകളിലും പാര്‍ക്കിങ്ങിലും ചെളിനിറഞ്ഞു. ശുചീകരണ ജോലികളും പുരോഗമിക്കുന്നു.