ദുബായ്: മഴ വര്‍ധിപ്പിക്കാനുള്ള മാര്‍ഗം കയ്യിലുണ്ടോ? 38 കോടി രൂപ സ്വന്തമാക്കാം. മഴയുടെ അളവ് വര്‍ധിപ്പിക്കാനും മഴ മേഘങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുന്ന പഠന ഗവേഷണത്തിനു യുഎഇയുടെ റിസര്‍ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ് ആണ് ഗവേഷകരെ ക്ഷണിച്ചിരിക്കുന്നത്.
3 വര്‍ഷത്തെ ഗവേഷണ പരിപാടിയില്‍ ഓരോ വര്‍ഷവും 12.39 കോടി രൂപയാണ് ഗ്രാന്റ്. ഏറ്റവും മികച്ച നിര്‍ദേശം ഗവേഷണത്തിനായി തിരഞ്ഞെടുക്കും. ഗള്‍ഫ് മേഖലയില്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായാണ് മഴ വര്‍ധന പദ്ധതി ആലോചിക്കുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ ദൗര്‍ലഭ്യം നേരിടാന്‍ മഴവെള്ളത്തെ ഉപയോഗിക്കുക എന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം. മാര്‍ച്ച് 9വരെ ഗവേഷണ പദ്ധതികള്‍ റജിസ്റ്റര്‍ ചെയ്യാം.
മാര്‍ച്ച് 16ന് പ്രീ പ്രപ്പോസല്‍ സമര്‍പ്പിക്കണം. മേയ് 26 ആകുമ്പോഴേക്കും പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാനുള്ള മാര്‍ഗ രേഖ പുറപ്പെടുവിക്കും. ഓഗസ്റ്റ് 24 മുന്‍പ് പൂര്‍ണമായ പദ്ധതി രേഖ സമര്‍പ്പിക്കണം. കര്‍ശനമായ പരിശോധനകള്‍ക്കു ശേഷമായിരിക്കും പദ്ധതി തിരഞ്ഞെടുക്കുക. വിജയികളെ അടുത്ത ജനുവരിയില്‍ പ്രഖ്യാപിക്കും.