പത്തനംതിട്ട: കക്കാട് ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ മൂഴിയാര്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ അതിശക്തമായ മഴ. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ഉയര്‍ത്തി. ഇതില്‍ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവില്‍ രണ്ടാം നമ്പര്‍ ഷട്ടര്‍ മാത്രം 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്.
മൂഴിയാര്‍ സായിപ്പിന്‍കുഴി ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നതെന്നാണ് സംശയം. സായിപ്പിന്‍കുഴി തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് അതിശക്തമായി തുടരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂഴിയാര്‍ മേഖലയില്‍ മഴ ആരംഭിക്കുന്നത്. ആറു മണിയോടെ സായിപ്പിന്‍കുഴി തോട്ടില്‍ അതിശക്തമായ നീരൊഴുക്കായി. ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതോടെ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു.