ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്ത് സുരക്ഷാ ചുമതല വഹിക്കവേ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് പ്രതീപ് വി.ഫിലിപ് ധരിച്ചിരുന്ന തൊപ്പിയും ബാഡ്ജും അദ്ദേഹത്തിനു തന്നെ സ്ഥിരമായി കൈമാറാന്‍ കോടതി ഉത്തരവിട്ടു.
മുന്‍പു പ്രതീപ് വിരമിച്ച സമയത്ത് താല്‍ക്കാലികമായി ഇവ കൈവശം വയ്ക്കാന്‍ ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തില്‍ കോടതി അനുവദിച്ചിരുന്നു. സര്‍വീസിലെ കണ്ണീര്, രക്തം, വിയര്‍പ്പ് എന്നിവയുടെ പ്രതീകമാണ് അവയെന്നു ബോധിപ്പിച്ച് വീണ്ടും സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല ഉത്തരവ്.
1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുതൂരിലെ സ്ഫോടനത്തില്‍ പ്രതീപിനും പരുക്കേറ്റിരുന്നു. പൊലീസ് തൊപ്പിയും നെയിം ബാഡ്ജും സംഭവ സ്ഥലത്തു നഷ്ടമാകുകയും ചെയ്തു. പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയ രക്തക്കറയുള്ള തൊപ്പിയും ബാഡ്ജും അന്നുമുതല്‍ വിചാരണക്കോടതിയാണു സൂക്ഷിക്കുന്നത്. 1987 ബാച്ച് ഓഫിസറായ പ്രതീപ് മികവിനുള്ള പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മെഡല്‍ നേടിയിട്ടുണ്ട്. കൊല്ലം പത്തനാപുരം സ്വദേശിയാണ്.