
കൊച്ചി:പുരാവസ്തു തട്ടിപ്പു കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെ സംബന്ധിച്ച സത്യങ്ങള്‍ പുറത്തറിയാന്‍ കാരണം, വിദേശത്ത് നഴ്‌സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെയെന്നു സൂചന. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതനാണെന്ന സത്യവും മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങളും മനസിലാക്കിയതോടെ ഇയാളെ തകര്‍ക്കാനായി ഇവര്‍ രംഗത്തുവരികയായിരുന്നെന്നാണ് വിവരം.
ലോക കേരള സഭാ പ്രവര്‍ത്തനങ്ങളില്‍ മലയാളി വനിതയ്‌ക്കൊപ്പം സജീവമായിരുന്നവരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. വിദേശ വനിത ഇപ്പോള്‍ നടത്തുന്നത് സ്വയം വെള്ളപൂശാനുള്ള ശ്രമമാണെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. രണ്ടു വര്‍ഷം മുന്‍പു ലോക കേരള സഭയില്‍ ഇവര്‍ക്കൊപ്പം മോന്‍സന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും അന്നു തന്നെ ഈ വിഷയം ചര്‍ച്ചയായിരുന്നെന്നും ഇവര്‍ പറയുന്നു.
മോന്‍സന് പരാതിക്കാരില്‍ ചിലര്‍ പണം നല്‍കിയതിന് ഈ വനിത സാക്ഷിയാണെന്നാണ് അവകാശപ്പെടുന്നത്. ഇത്രയും നാള്‍ ഇക്കാര്യം മൂടിവച്ച ശേഷം അകന്നപ്പോള്‍ കേസു കൊടുത്തവരെ ഫോണ്‍ വിളിച്ചു കൂട്ടുപിടിച്ചും മറ്റുമാണ് സ്വയം രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം ലോക കേരള സഭ നടക്കുമ്പോഴും ഇവര്‍ മോന്‍സനുമായി അടുപ്പത്തിലായിരുന്നു എന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.