റജിസ്‌ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ചു : ഉള്ളടക്കം കൈമാറിയ പോസ്റ്റ്മാനും കൂട്ടുനിന്ന പോസ്റ്റല്‍ സൂപ്രണ്ടും കൂടി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

1 second read
0
0

കണ്ണൂര്‍: റജിസ്‌ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച് അതിലെ ഉള്ളടക്കം കൈമാറിയ പോസ്റ്റ്മാനും കൂട്ടുനിന്ന പോസ്റ്റല്‍ സൂപ്രണ്ടും കൂടി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി വിധി. താവക്കരയിലെ ടി.വി.ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് ചിറക്കല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായിരുന്ന എം.വേണുഗോപാല്‍, കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ടായിരുന്ന കെ.ജി.ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടി.

മേല്‍വിലാസക്കാരന് കത്തുനല്‍കാതെ ഉള്ളടക്കം വായിച്ചുകേള്‍പ്പിച്ച ശേഷം ‘ആള്‍ സ്ഥലത്തില്ല’ എന്ന് റിമാര്‍ക്‌സ് എഴുതി കത്ത് തിരിച്ചയച്ച സംഭവത്തിലാണ് നടപടി. 2008 ജൂണ്‍ 30-ന് ചിറക്കല്‍-പുതിയതെരുവിലുള്ള കൊല്ലറത്തിക്കല്‍ പുതിയപുരയില്‍ ഹംസക്കുട്ടിക്ക് ശശിധരന്‍ അയച്ച കത്തിലെ വിവരങ്ങള്‍ ചിറക്കല്‍ പോസ്റ്റോഫീസിലെ പോസ്റ്റ്മാനായിരുന്ന വേണുഗോപാലന്‍ ചോര്‍ത്തിയെന്നാണ് പരാതി. മേല്‍വിലാസക്കാരനായ കരാറുകാരന്‍ ഹംസക്കുട്ടി പരാതിക്കാരനായ ശശിധരനില്‍നിന്ന് തുക കൈപ്പറ്റിയ ശേഷം കരാര്‍പ്രകാരം പണി പൂര്‍ത്തിയാക്കി നല്‍കേണ്ട വീടും സ്ഥലവും രജിസ്റ്റര്‍ തീയതിക്ക് മുന്‍പേ പൂര്‍ത്തിയാക്കാത്തതിനെ ചോദ്യംചെയ്തുള്ള കത്തായിരുന്നു ഇത്.

കത്തിലെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി വീടും സ്ഥലവും മറിച്ചുവിറ്റതായും ശശിധരന്‍ പരാതിപ്പെട്ടിരുന്നു. പോസ്റ്റ്മാന്‍, പോസ്റ്റല്‍ സൂപ്രണ്ട് തുടങ്ങിയവരെ പ്രതിചേര്‍ത്താണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ ശശിധരന്‍ കേസ് ഫയല്‍ചെയ്തത്. വകുപ്പുതല അന്വേഷണത്തില്‍ പോസ്റ്റ്മാന്‍ കൃത്യവിലോപം ചെയ്തതായി മനസ്സിലാക്കി. കത്ത് തിരിച്ചയക്കുമ്പോള്‍ മടക്കുമാറി സീല്‍ ഉള്ളില്‍ ആയിപ്പോയതാണ് കത്ത് പൊട്ടിച്ചതിന് തെളിവായത്. ഇതോടെ പോസ്റ്റ്മാനെ സ്ഥലംമാറ്റിയും ഇന്‍ക്രിമെന്റ് നല്കാതെയും വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ മൂന്നുമാസത്തിനുശേഷം പോസ്റ്റ്മാനെ അതേ പോസ്റ്റോഫീസിലേക്ക് വീണ്ടും നിയമിച്ചതിനെ ചോദ്യംചെയ്താണ് ശശിധരന്‍ കണ്ണൂര്‍ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്. സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഉപഭോക്തൃ കമ്മിഷന്‍ നേരത്തേ കേസ് തള്ളിയിരുന്നു. ഇതിനെതിരെ സംസ്ഥാന കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് വിധി.

13 വര്‍ഷത്തിനുശേഷമാണ് പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി.സജീഷ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചത്. പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടും 50,000 രൂപ വീതം പരാതിക്കാരന് നല്‍കണം. രണ്ടുമാസത്തിനകം തുക നല്‍കണമെന്നും വീഴ്ചവരുത്തിയാല്‍ എട്ടുശതമാനം പലിശകൂടി നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. കേസ് ശശിധരന്‍ തന്നെയാണ് വാദിച്ചത്.

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…