
അബുദാബി: ഇന്ത്യ ഉള്‍പ്പെടെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് യുഎഇയില്‍ എത്തുന്ന വാക്‌സീന്‍ എടുത്ത താമസവീസക്കാര്‍ 4, 8 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് എടുക്കണം. ഏതു എമിറേറ്റ് വീസക്കാര്‍ക്കും ഇതു ബാധകമാണ്. ഇതേസമയം വാക്‌സീന്‍ എടുക്കാത്ത താമസ,സന്ദര്‍ശക വീസക്കാര്‍ ഒന്‍പതാം ദിവസം പിസിആര്‍ എടുക്കണം.
ഫലം നെഗറ്റീവാണെങ്കില്‍ 10-ാം ദിവസം പുറത്തിറങ്ങാം. യുഎഇ അംഗീകരിച്ച വാക്‌സീനെടുത്ത് സന്ദര്‍ശക വീസയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ആറാം ദിവസമാണ് പിസിആര്‍ പരിശോധന. സന്ദര്‍ശക വീസക്കാര്‍ക്ക് റജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ സന്ദേശം ലഭിക്കും. താമസ വീസക്കാര്‍ അല്‍ഹൊസന്‍ ആപ്പിലാണ് നോക്കേണ്ടത്.
യുഎഇയില്‍ തിരിച്ചെത്തുന്ന താമസ വീസക്കാര്‍ വിമാനത്താവളത്തിലെ പരിശോധന കഴിയുന്നതോടെ അല്‍ഹൊസനില്‍ പച്ച തെളിയും. 2 ഡോസ് വാക്‌സീന്‍ എടുത്തവരെങ്കില്‍ ക്വാറന്റീന്‍ ഇല്ല. എന്നാല്‍ 4, 8 ദിവസങ്ങളില്‍ തുടര്‍ പിസിആര്‍ പരിശോധന വേണം എങ്കിലേ അല്‍ഹൊസന്‍ ആപ്പ് അപ്‌ഡേറ്റ് ആകൂ.
ഇത്തരമൊരു എസ്എംഎസ് സന്ദേശം ലഭിക്കില്ലെങ്കിലും അല്‍ഹൊസന്‍ ആപ്പില്‍ വ്യക്തമായി കാണാം. ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന പലരും പിഴ വരുമോ എന്ന ഭീതിയിലാണ്. ഉദാഹരണത്തിന് ഈ 20ന് യുഎഇയില്‍ വിമാനമിറങ്ങിയ ആള്‍ ഇന്ന് അല്‍ഹൊസന്‍ ആപ്പ് പരിശോധിച്ചാല്‍ ‘അറൈവല്‍ 4 ഡെയ്‌സ്. 1 ഓഫ് 3 പിസിആര്‍ ടെസ്റ്റ് കംപ്ലീറ്റഡ് എന്നു കാണാം. 4ാമത്തെ ദിവസം പിസിആര്‍ എടുത്താല്‍ 2 ഓഫ് 3 പിസിആര്‍ എന്നായി മാറും.
8ാം ദിവസം പിസിആര്‍ ടെസ്റ്റ് എടുക്കുന്നതോടെ മൂന്നിടങ്ങളില്‍ പച്ച തെളിയുകയും സന്ദേശം അപ്രത്യക്ഷമാകുകയും ചെയ്യും. ഗ്രീന്‍ പട്ടിക രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ആറാം ദിവസം പിസിആര്‍ ടെസ്റ്റ് എടുക്കണം. വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതലാണ് ദിവസം കണക്കാക്കേണ്ടത്.