തിരുവനന്തപുരം: ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. കോട്ടയം – ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയുടെ നവീകരണത്തിനായി 19.90 കോടിയാണ് അനുവദിച്ചത്. പ്രവൃത്തി കൃത്യമായി നടത്തിയില്ലെങ്കില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുമെന്ന് പൊതുമാരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
”2022 ഓഗസ്റ്റ് 24 വരെയാണ് റോഡ് നവീകരണത്തിനായുള്ള കാലാവധി നിശ്ചയിച്ചത്. മേയ് 15 ആകുമ്പോഴേക്കും 10 കിലോമീറ്റര്‍ വരെ പണി പൂര്‍ത്തീകരിക്കണം എന്ന തീരുമാനം നടപ്പിലാക്കിയില്ല. മാത്രമല്ല, പ്രവൃത്തിയുടെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളും ജനങ്ങള്‍ ഉന്നയിച്ചു. പ്രവൃത്തിയുടെ പുരോഗതി അനുദിനം വിലയിരുത്തുന്നതിനായി ഒരു ഐഎഎസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നല്‍കി.
ചീഫ് എന്‍ജിനീയറും ജോലികള്‍ ശ്രദ്ധിക്കും. പണിയില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെങ്കില്‍, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യാനും പൊതുമരാമത്ത് ചട്ടപ്രകാരം കരാറുകാരനെതിരെ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.’- മുഹമ്മദ് റിയാസ് പറഞ്ഞു.