മോസ്‌കോ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഭൂമിയിലാണെങ്കിലും അതിന്റെ ആഘാതം ബഹിരാകാശത്തേക്കും വ്യാപിക്കുകയായണ്. യുക്രൈനിലെ അധിനിവേശത്തില്‍ തങ്ങള്‍ക്കുമേല്‍ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ തങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റില്‍ നിന്ന് ചില രാജ്യങ്ങളുടെ പതാകകള്‍ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ.
റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിന്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ബൈക്കോനൂര്‍ ലോഞ്ച് പാഡിലുള്ള റോക്കറ്റില്‍ നിന്ന് യുഎസ്എ, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളുടെ പതാകകളാണ് ഇവിടുത്തെ ജീവനക്കാര്‍ നീക്കം ചെയ്യുന്നത്. അതേസമയം, ഇന്ത്യയുടെ പതാക നിലനിര്‍ത്തുകയും ചെയ്തു. സോയൂസ് റോക്കറ്റില്‍ മറ്റ് രാജ്യങ്ങളുടെ പതാകകള്‍ക്ക് മുകളില്‍ വൈറ്റ് വിനൈല്‍ ഉപയോഗിച്ച് മറയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പതാക കാണാനാകാത്ത വിധം പൂര്‍ണ്ണമായും മറയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ചില രാജ്യങ്ങളുടെ പതാകകള്‍ ഇല്ലെങ്കില്‍, ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ മനോഹരമായി കാണപ്പെടുമെന്ന് ബൈക്കോനൂരിലെ വിക്ഷേപകര്‍ കണ്ടെത്തി’, റോഗോസിന്‍ വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.