ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ വീണതായി സ്ഥിരീകരിച്ചു പ്രതിരോധ മന്ത്രാലയം. സാങ്കേതിക പിഴവു കാരണം മാര്‍ച്ച് ഒന്‍പതിനാണു മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ചതെന്നു മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
ഇന്ത്യയില്‍നിന്നുള്ള മിസൈല്‍ പാക്കിസ്ഥാനിലെ ഖനേവാള്‍ ജില്ലയിലെ മിയാന്‍ ചന്നുവിനടുത്തു വീണതായി വ്യാഴാഴ്ച പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്നുള്ള മിസൈല്‍ പാക്കിസ്ഥാന്റെ പ്രദേശത്താണു വീണതെന്നു സ്ഥിരീകരിച്ചെന്നും ജീവഹാനിയൊന്നുമുണ്ടായില്ലെന്നത് ആശ്വാസം നല്‍കുന്ന കാര്യമാണെന്നും പ്രസ്താവനയിലുണ്ട്.
പാക്കിസ്ഥാന്റെ വ്യോമമേഖലയ്ക്കകത്തു കയറിയ മിസൈല്‍ 100 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മിസൈല്‍ പുറപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച ഇന്ത്യ പരിശോധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചു. ഹരിയാനയിലെ സിര്‍സയില്‍നിന്നാണ് മിസൈലെത്തിയതെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കര്‍ പ്രതികരിച്ചു.