റിയാദ്: സൗദിയില്‍ ആദ്യമായി ആചരിക്കുന്ന സ്ഥാപകദിന അവധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്തി അധികൃതര്‍. സ്വകാര്യ മേഖല ഉള്‍പ്പെടെ എല്ലാ രംഗത്തും ഔദ്യോഗിക പൊതു അവധിയായിരിക്കും ഓരോ വര്‍ഷവും സ്ഥപക ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 22 ന്. എല്ലാ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം നല്‍കണമെന്നും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അവധി ദിവസം ജോലിചെയ്യുന്ന സമയം ഓവര്‍ടൈം ആയി കണക്കാക്കണം എന്നതാണ് നിയമം. മാത്രമല്ല ആര്‍ട്ടിക്കിള്‍ 107 പ്രകാരം ശമ്പളത്തിന് പുറമെ തൊഴിലാളിയുടെ മണിക്കൂര്‍ ശമ്പളത്തിനു പുറമെ അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം അധികം നല്‍കുകയും വേണം. ഇത് സ്ഥാപക ദിനത്തിനും ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ദേശീയ ദിനമോ സ്ഥാപക ദിനമോ ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ ദിനങ്ങളോട് യോജിച്ച് വന്നാല്‍ ഒന്നിന്റെ ആനുകൂല്യമാണ് തൊഴിലാളിക്ക് ലഭിക്കുക. സ്ഥാപക ദിന അവധി സംബന്ധിച്ച് സൗദി തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി നേരത്തേ അറിയിച്ചിരുന്നു.
1727ല്‍ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ ഓര്‍മക്ക് എല്ലാ വര്‍ഷവും സ്ഥാപകദിനമായി ആചരിക്കാന്‍ ഇക്കഴിഞ്ഞ ജനുവരി 27 നാണ് സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയത്.