കൊച്ചി: ശബരിമലയില്‍ ഭക്ഷ്യസുരക്ഷ ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി. അരവണയ്ക്കുള്ള ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതു സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിനിടെയാണ് ഓഡിറ്റ് നടത്താന്‍ കോടതി ഉത്തരവിട്ടത്. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വേണമെന്നാണു ഹൈക്കോടതി ഉത്തരവ്.
പമ്പയിലെ ലാബില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിശോധന നടത്താന്‍ സൗകര്യമില്ലെന്നു ശ്രദ്ധയില്‍പ്പെട്ടതായി കോടതി പറഞ്ഞു. ഈ ടെന്‍ഡര്‍ വിജ്ഞാപനപ്രകാരം ലഭിച്ച അപേക്ഷയിലെ 3 ഏലയ്ക്കാ സാംപിളുകള്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരുന്നില്ല. തുടര്‍ന്നാണ് ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഏലയ്ക്കയുടെ നിലവാരം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതായിരുന്നു.
തിരുവനന്തപുരം, പമ്പ ലാബുകളിലെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വലിയ വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കോടതി ദേവസ്വം കമ്മിഷണര്‍, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേര്‍ക്കാനും ഉത്തരവിട്ടു. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഈ മാസം 24ന് വിഷയം വീണ്ടും പരിഗണിക്കും.