ഭോപ്പാല്‍: കത്തോലിക്കാ സഭയുടെ കീഴിലുള്ള അനാഥാലയത്തിലെ അന്തേവാസികളെ ഒഴിപ്പിക്കാനുള്ള നീക്കം മധ്യപ്രദേശ് ഹൈകോടതിയുടെ ജബല്‍പ്പൂര്‍ ബെഞ്ച് തടഞ്ഞു. രജിസ്‌ട്രേഷനില്ലാതെ അനാഥാലയം പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ജില്ലാ അധികൃതരും പൊലീസുമായാണ് ഒഴിപ്പിക്കാനെത്തിയത്. എന്നാല്‍ അതിനിടെ സഭാ അധികൃതര്‍ കോടതി ഉത്തരവുമായി എത്തുകയായിരുന്നു.
സാഗര്‍ ജില്ലയിലെ ശ്യാംപുരയില്‍ 270 ഏകെര്‍ ഭൂമി ലീസിനെടുത്താണ് അനാഥാലയവും സേവാധാം ആശ്രമവുമാണ് സീറോ മലബാര്‍ സഭ നടത്തുന്നത്. അനാഥാലയം നടത്തുന്നതിന് ബ്രിട്ടീഷുകാരുടെ കാലത്ത് ലാന്‍ഡ് ലീസിന് നല്‍കിയതാണ്. 2020ല്‍ കാലാവധി കഴിഞ്ഞെങ്കിലും അതിന് മുമ്പ് ലീസ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. അതിന്‍മേല്‍ നടപടിയെടുക്കാതെ അധികൃതര്‍ ഭൂമി തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫാദര്‍ ആനന്ദ് മുട്ടുങ്കല്‍ പറയുന്നു.
അനാഥാലയം ഇല്ലാതായാല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ എളുപ്പമാണ്. അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും ഫാദര്‍ ആനന്ദ് മുട്ടുങ്കല്‍ പറഞ്ഞു. അനാഥാലയത്തില്‍ 44 കുട്ടികളാണുള്ളത്. ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി ശിശുക്ഷേമസമിതിക്ക് നിര്‍ദേശം നല്‍കി. കോടതി ഉത്തരവ് കാണിച്ചിട്ടും ഒഴിപ്പക്കലുമായി മുന്നോട്ടു പോകാന്‍ അധികൃതര്‍ ശ്രമിച്ചപ്പോള്‍ കുട്ടികളും ആശ്രമം അന്തേവാസികളും പ്രതിഷേധിച്ചു.
ശ്യാംപുരയ്ക്ക് അടുത്ത് മറ്റൊരു അനാഥാലയം നടത്തുന്ന ഓംകാര്‍ സിംഗ് എന്നയാളാണ് ഈനീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ ചരടുവലിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്ഥലം എംഎല്‍എയുമായി അടുത്തബന്ധമാണിയാള്‍ക്കെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓംകാര്‍ സിംഗ് തന്റെ അനാഥാലയം ഇവിടേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ 270 ഏകെര്‍ ഭൂമി കൈക്കലാക്കുകയാണ് ലക്ഷ്യം.