തിരുവനന്തപുരം: മന്ത്രിയാകുന്നതില്‍ സ്വാഭാവികമായ സന്തോഷമെന്ന് സജി ചെറിയാന്‍. വകുപ്പുകള്‍ ഏതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തെ പറ്റി ആശങ്കയുണ്ടായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് ജീവിതത്തില്‍ ആശങ്കയില്ലെന്നായിരുന്നു മറുപടി. ഗവര്‍ണറുടെ വിയോജിപ്പില്‍ രാഷ്ട്രീയ നേതൃത്വമാണു മറുപടി പറയേണ്ടതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുന്‍ വകുപ്പുകള്‍ തന്നെ സജി ചെറിയാനു നല്‍കിയേക്കുമെന്നാണു വിവരം. ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരുന്നു സജി ചെറിയാനു നല്‍കിയിരുന്നത്. ഫിഷറീസ് ഇപ്പോള്‍ വി.അബ്ദുറഹ്മാന്റെയും സാംസ്‌കാരികം വി.എന്‍.വാസവന്റെയും യുവജനക്ഷേമം പി.എ.മുഹമ്മദ് റിയാസിന്റെയും കൈവശമാണ്. ഈ വകുപ്പുകള്‍ തന്നെ സജി ചെറിയാന് മടക്കി നല്‍കിയേക്കുമെന്നാണു സൂചന. സത്യപ്രതിജ്ഞയ്ക്കുശേഷം വകുപ്പുകള്‍ തീരുമാനിച്ചുള്ള വിജ്ഞാപനമിറങ്ങും.
സജി ചെറിയാന്റെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന മിക്കവരും മടങ്ങിയെത്തിയേക്കും. പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ നിലവില്‍ ഈ മൂന്ന് മന്ത്രിമാര്‍ക്കും ഒപ്പമാണ്. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനു സി.പുളിക്കല്‍ ഇപ്പോള്‍ വി.അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍ വിരമിച്ചതിനാല്‍ മനു സി.പുളിക്കലിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. മനുവിനെ സജി ചെറിയാന് മടക്കി നല്‍കിയാല്‍ അബ്ദുറഹ്മാന് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കണം.
അതേസമയം, ഔദ്യോഗിക വസതിയായിരുന്ന കവടിയാര്‍ ഹൗസ് സജി ചെറിയാനു ലഭിക്കില്ല. വാടക വീട്ടില്‍ താമസിച്ചിരുന്ന വി.അബ്ദുറഹ്മാനാണ് ഇപ്പോള്‍ ഇവിടത്തെ താമസക്കാരന്‍. പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസ് ഉള്‍പ്പടെ 21 മന്ത്രി മന്ദിരങ്ങളേ ഉള്ളൂ. അതിനാല്‍ സജി ചെറിയാനായി വാടക വീട് കണ്ടെത്തേണ്ടിവരും. അനക്‌സ് വണ്ണിലായിരുന്നു മന്ത്രിയായിരിക്കെ സജി ചെറിയാന്റെ ഓഫിസ്. ഇത് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്തശേഷം ഈ ഓഫിസിലേക്കാകും സജി ചെറിയാന്‍ ചുമതലയേല്‍ക്കാന്‍ എത്തുന്നത്.