അന്വേഷിച്ചാലും കേസ് തെളിയിക്കാനാകില്ല: സജി ചെറിയാന്റെ ഭരണ ഘടനാ വിരുദ്ധ കേസ് എഴുതി തള്ളാന്‍ പോലീസ്

0 second read
0
0

തിരുവല്ല: മുന്‍മന്ത്രി സജി ചെറിയാന്‍ മല്ലപ്പളളിയില്‍ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം സംബന്ധിച്ച കേസ് പോലീസ് എഴുതി തള്ളുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍. അന്വേഷണവുമായി മുന്നോട്ടു പോകത്തക്ക വിധം ഗൗരവം കേസിനില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാമെന്നാണ് ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ നിയമോപദേശമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്പി ടി. രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു. റഫറല്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തിലാണ് സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരേ ആഞ്ഞടിച്ചത്. പരിപാടി ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജ് വഴി ലൈവും വിട്ടു. ആരും ശ്രദ്ധിക്കാതെ പോയ വിഷയം സിപിഎമ്മിലെ ഒരു വിഭാഗം തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി വിവാദമാക്കുകയായിരുന്നു. മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കേണ്ട എന്ന് മുഖ്യമന്ത്രിയും സിപിഎമ്മും നിലപാടെടുത്തു. എന്നാല്‍, കൊച്ചിയില്‍ നിന്നുള്ള അഭിഭാഷകന്‍ ബൈജു നോയല്‍ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് പിന്നീടത്തേക്ക് മാറ്റി വച്ച് കോടതി അന്ന് ഉച്ച കഴിഞ്ഞ് തന്നെ അടിയന്തിര സ്വഭാവത്തില്‍ പരിഗണിക്കുകയും മന്ത്രിക്കെതിരേ കേസ് എടുക്കാന്‍ കീഴ്വായ്പൂര്‍ പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

വിവരം വെളിയില്‍പ്പോകാതെ പോലീസ് രഹസ്യമാക്കി വച്ചു. ഈ സമയം കൊണ്ട് മന്ത്രി രാജി വച്ച് തലയൂരി. കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുക്കുമെന്ന് വന്നപ്പോഴായിരുന്നു രാജി. അക്കാര്യം പൊതുജനം അറിയാതിരിക്കാന്‍ വേണ്ടിയാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച കാര്യം പുറത്തു വിടാന്‍ വൈകിപ്പിച്ച് പോലീസ് സഹായിച്ചത്. കോടതി നിബന്ധന പ്രകാരം കീഴ്വായ്പൂര്‍ പോലീസ് എഫ്ഐആര്‍ ഇട്ടെങ്കിലും അന്നു തന്നെ അറിയാമായിരുന്നു കേസിന്റെ ഗതി എന്താകുമെന്ന്. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

കേസ് എടുത്ത ദിവസം മുതല്‍ പോലീസ് ആവര്‍ത്തിച്ചിരുന്ന വാചകമാണ് തെളിവില്ല എന്നുള്ളത്. സിപിഎം ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്കില്‍ നിന്ന് വീഡിയോ അപ്രത്യക്ഷമായി. തെളിവു തന്നാല്‍ അന്വേഷിക്കാമെന്ന നിലപാടിലേക്ക് പോലീസും മാറി. അതോടെ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂര്‍ണരൂപം പൊലീസിന് നല്‍കാന്‍ പരാതിക്കാരുടെ കൂട്ടയിടിയായി. മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി സിഡിയിലാക്കി പൂര്‍ണരൂപം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തര്‍ക്ക് കൈമാറിയിരുന്നു. ഹര്‍ജി കോടതിയില്‍ നല്‍കിയ അഡ്വ. ബൈജു നോയലും ഡിവൈ.എസ്.പിക്ക് പ്രസംഗത്തിന്റെ പൂര്‍ണ രൂപം പെന്‍ഡ്രൈവിലാക്കി നല്‍കി.

കിട്ടിയ തെളിവുകളൊക്കെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനൊന്നും പോലീസ് കാത്തു നില്‍ക്കുന്നില്ല. നിരവധി പരാതിക്കാര്‍ മന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ തയാറായി രംഗത്തു വന്നിരുന്നു. അതൊന്നും പോലീസ് ഗൗനിച്ചിട്ടില്ല. ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശ പ്രകാരം കോടതിയില്‍ റഫറല്‍ ലെറ്റര്‍ കൊടുക്കാനാണ് നീക്കം. അത് ഇന്ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഉടന്‍ ഉണ്ടാകില്ലെന്നാണ് ഡിവൈ.എസ്പി പറയുന്നത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…