തിരുവല്ല: ഭരണഘടനയെ അധിക്ഷേപിച്ചുള്ള വിവാദ പ്രസംഗത്തില്‍ കേസെടുത്ത സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് പ്രേരിപ്പിച്ചെന്ന വകുപ്പ് കൂടി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകനായ ബൈജു നോയല്‍ പറഞ്ഞു. സജി ചെറിയാന് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ തിരുവല്ല കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇദ്ദേഹത്തന്റെ പരാതിയിലാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. കോടതി ഉത്തരവിന് പിന്നാലെ മന്ത്രിസ്ഥാനം സജി ചെറിയാന് രാജി വയ്ക്കുകയും ചെയ്തു.
മല്ലപ്പള്ളിയില്‍ മന്ത്രി പ്രസംഗിച്ച വേദിയില്‍ അതിന് മുന്‍പ് നടത്തി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ പ്രസംഗം കൂടി പൊലീസ് പരിശോധിക്കണമെന്ന് ബൈജു ആവശ്യപ്പെട്ടു. പ്രമോദിന്റെ പ്രസംഗം പരാമര്‍ശിച്ച കൂട്ടത്തിലാണ് മന്ത്രി ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. എന്നാല്‍, മന്ത്രിയുടെ പ്രസംഗം മാത്രം വെട്ടിയെടുത്ത് വൈറല്‍ ആക്കുകയായിരുന്നു.
ഭരണ ഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചു എന്ന പരാതി പരിഗണിച്ചപ്പോഴാണ് പരാതിയില്‍ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തുവെന്ന വിവരം പരാതിക്കാരനായ അഭിഭാഷകനെ ഇന്ന് കോടതി ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് കേസില്‍ കലാപാഹ്വാനത്തിന് ശ്രമിച്ചു എന്ന വകുപ്പ് കൂടി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്ന് അഭിഭാഷകനായ ബൈജു റോയല്‍ പറഞ്ഞത്. റാന്നി എം.എല്‍.എ പ്രമോദ് നാരായണന്റെ പേര് സജി ചെറിയാന് പ്രസംഗത്തില്‍ പറഞ്ഞതിനാല്‍ പ്രമോദ് നാരായണനും ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു. ഇക്കാര്യം പോലീസിനോട് ആവശ്യപ്പെടുമെന്നും പരാതിക്കാരന് പറഞ്ഞു. കേസില്‍ സജി ചെറിയാന് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അഭിഭാഷകന് പറഞ്ഞു.