തിരുവനന്തപുരം: സംസ്ഥാന ഖാദി വ്യവസായ ബോര്‍ഡിലെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ഫണ്ട് തികയാത്തതിനാല്‍ 5 കോടി രൂപ വായ്പയായി സര്‍ക്കാര്‍ അനുവദിച്ചു. ശമ്പളം നല്‍കാന്‍ സാധാരണ അധിക ഫണ്ട് അനുവദിക്കുകയാണു പതിവ്. ആദ്യമായാണ് വായ്പയായി തുക നല്‍കുന്നത്.
ഭരണപരമായ ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ 5 വര്‍ഷത്തിനകം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ 9.5% വാര്‍ഷിക പലിശയ്ക്കാണു തുക അനുവദിക്കുന്നതെന്ന് വ്യവസായ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ത്രൈമാസ തവണകളായി പലിശയും ചേര്‍ത്തു തിരിച്ചടവ് ആരംഭിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 2.5% പിഴപ്പലിശ കൂടി ഈടാക്കും. ഈ സാമ്പത്തിക വര്‍ഷം ശമ്പളം ഉള്‍പ്പെടെയുള്ള ഭരണപരമായ ആവശ്യങ്ങള്‍ക്ക് 45 കോടി രൂപയാണ് ബോര്‍ഡിന് സര്‍ക്കാര്‍ അനുവദിച്ചത്. ഇതു തികയാതെ വന്നതോടെ 18 കോടി രൂപ കൂടി ആവശ്യപ്പെട്ടു ബോര്‍ഡ് സര്‍ക്കാരിനു കത്തെഴുതി.
തുടര്‍ന്നാണു 5 കോടി രൂപ വായ്പ അനുവദിച്ചത്. ശമ്പളം നല്‍കാനുള്ള തുക വായ്പയായി അനുവദിച്ചതില്‍ പ്രതിഷേധിച്ച് കേരള ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ബോര്‍ഡിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടത്തി.