പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ മൂന്ന് മണിക്കൂറിന് ശേഷം വിജിലന്‍സ് വിട്ടയച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റ് സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനായി കൊണ്ടുപോയതെന്നാണ് വിജിലന്‍സ് അറിയിച്ചത്.
അതേസമയം, നോട്ടീസ് നല്‍കിയതിന് ശേഷമാണ് കൊണ്ടുപോയതെന്ന വിജിലന്‍സിന്റെ വാദം സരിത്ത് തള്ളി. ‘ലൈഫ് മിഷന്‍ കേസിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ആര് പറഞ്ഞിട്ടായിരുന്നു. ആര് നിര്‍ബന്ധിച്ചിട്ടായിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥര്‍ ചോദിച്ചത്. ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നയുടന്‍ വലിച്ചിഴച്ച് കൊണ്ടുപോയി. ബലപ്രയോഗത്തില്‍ കൈയ്ക്ക് പരിക്ക് പറ്റി. കയ്യില്‍ നീരുണ്ട്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സാണെന്ന് പറയുന്നത്. ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാതെയാണ് കൊണ്ടുപോയത്. 16ന് തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ എത്തിച്ചശേഷമാണ് നോട്ടീസ് നല്‍കി. ഫോണ്‍ പിടിച്ചെടുത്തു’-സരിത്ത് പറഞ്ഞു. രാവിലെ പത്തരയോടെയാണ് സരിത്തിനെ ഫ്‌ളാറ്റില്‍നിന്നുകൊണ്ടുപോയത്.
ഇന്ന് രാവിലെ തന്റെ ഫ്‌ലാറ്റില്‍ നിന്നും സരിത്തിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐ ഡി കാര്‍ഡോ ഉണ്ടായിരുന്നില്ലെന്നും രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും അവര്‍ പറഞ്ഞിരുന്നു.
സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്‌ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.