സരിത എസ്.നായരെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊല്ലാന്‍ ശ്രമം ‘കാഴ്ച കുറഞ്ഞു, കാലിന് സ്വാധീനക്കുറവ്

0 second read
0
0

തിരുവനന്തപുരം: സോളര്‍ കേസിലെ പ്രതി സരിത എസ്.നായരെ ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവില്‍ ചികില്‍സയിലാണെന്നു സരിത പറഞ്ഞു.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ സരിത നല്‍കിയ പീഡനപരാതിയിലെ പ്രതികളുമായി വിനു കുമാര്‍ ഗൂഢാലോചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ഥങ്ങള്‍ നല്‍കി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു.

രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനു കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തി. ചികില്‍സിക്കുന്ന ഡോക്ടര്‍മാരില്‍നിന്നും വിവരം ശേഖരിച്ചു. വിനു കുമാറിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിന് ശുപാര്‍ശ നല്‍കും. വിനു കുമാറിനു പുറമേ മറ്റു ചിലര്‍ക്കു കൂടി ഇതില്‍ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്നതായി സരിത പറയുന്നു.

സാമ്പത്തിക ലക്ഷ്യത്തോടെയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികില്‍സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണെന്നും സരിത പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…