തിരുവനന്തപുരം: മൂന്നര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതി പോയതോടെ രോഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു നാന്നൂറിലധികം രോഗികളുള്ള ആശുപത്രിയില്‍ വൈദ്യുതി മണിക്കൂറുകള്‍ മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയില്‍ പ്രസവം നടന്നെന്നും ടോര്‍ച്ച് ഉപയോഗിച്ചാണ് പരിശോധനകള്‍ നടന്നതെന്നും രോഗികള്‍ ആരോപിച്ചിരുന്നു.കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതാണു വൈദ്യുതി തടസ്സപ്പെടാന്‍ കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാര്‍ കൊണ്ടല്ലെന്നായിരുന്നു കെഎസ്ഇബി വിശദീകരണം.
പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉറപ്പുനല്‍കിയിരുന്നു. ഉദ്യോഗസ്ഥന്മാര്‍ അവിടെയുണ്ടെന്നും ഇന്റേണല്‍ വര്‍ക്ക് മുഴുവന്‍ പൊതുമരാമത്ത് വകുപ്പാണെന്നുമായിരുന്നു കൃഷ്ണന്‍കുട്ടി പറഞ്ഞത്. വീട്ടില്‍ 20 ദിവസം മാത്രം പ്രായമായ കൊച്ചുകുട്ടിയുണ്ടെന്നും വേദന അറിയാമെന്നും ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ. രാജുവും പറഞ്ഞു.