
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു. രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായാണ് അവധിയെന്ന് കലക്ടര്‍ വ്യക്തമാക്കി. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.
നേരത്തെ, കോഴിക്കോട് ജില്ലയില്‍ അടുത്ത 10 ദിവസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, അതുപോലുള്ള മറ്റു പരിപാടികള്‍ എന്നിവയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നാണ് നിര്‍ദ്ദേശം. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.