തിരുവനന്തപുരം: ക്ലാസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകള്‍ പൂര്‍ണമായും ആരംഭിക്കുന്നത്. പന്ത്രണ്ടാം തീയതി വിശദമായ മാര്‍ഗരേഖ പുറത്തിറക്കും.
പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക എന്നതിനാണ് മുന്തിയ പരിഗണന. ഫോക്കസ് ഏരിയ പരിഷ്‌കരണം സംബന്ധിച്ച് സാമൂഹിക മാധ്യമ പോരാളികള്‍ വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കരുത്. നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകള്‍ക്കല്ല. അധ്യാപകര്‍ അവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. ഏറ്റവും കൂടുതല്‍ സംഘടനകളുള്ളത് വിദ്യാഭ്യാസ വകുപ്പിലാണ്. എല്ലാവരുടെയും നിര്‍ദേശം കണക്കിലെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
16 വര്‍ഷങ്ങള്‍ക്കുശേഷം വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു. മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ പരീക്ഷാ മാന്വല്‍ റഫറന്‍സ് ആയി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അത്യുജ്വല മാറ്റങ്ങളാണ് നടന്നുവരുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്നു. ഇത്തവണ അധ്യയന വര്‍ഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.