ഇടുക്കി: സാമൂഹിക മാധ്യമങ്ങള്‍ വഴി വലയിലാക്കിയ ഇരുപതോളം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും നഗ്നചിത്രം പകര്‍ത്തി ഭീഷണി മുഴക്കുകയും ചെയ്ത ഇരുപത്തിരണ്ടുകാരന് പിടിയില്‍. കരുണാപുരം കല്ലാര്‍ തൂക്കുപാലം കല്ലുപറമ്പില്‍ ഫആരോമല്(22) ആണ് പിടിയിലായത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സധൈര്യം മുന്നോട്ട് വന്ന് നല്കിയ പരാതിയിലാണ് നാടിനെ ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്. ഇരുപതോളം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പര്‍ത്തുകയും ആ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തുവെന്നാണ് പരാതി. പ്രതിയുടെ വീടിനോട് ചേര്‍ന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇരകളില്‍ ഏറെയും. വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളോട് അടുപ്പം സ്ഥാപിച്ചാണ് തുടക്കം.
രാത്രി വൈകി വീഡിയോ കോളില്‍ സംസാരിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന ചിത്രങ്ങള്‍ പകര്‍ത്തി വീണ്ടും ഉപദ്രവം തുടരുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.പൊലീസ് പ്രതിയുടെ മൊബൈല്‍ പരിശോധിച്ചുവരികയാണ്. നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.പ്രതി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന സംശയത്തില്‍ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.
ജില്ലാ പൊലീസ് മേധാവി കറുപ്പുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോന്, നെടുംകണ്ടം എസ് എച്ച് ഒ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.