ഇടുക്കി: നീണ്ട ഇടവേളക്ക് ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും രംഗത്ത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ജീവമായിരുന്ന ടൂറിസം മേഖല വീണ്ടും ഉണര്‍ന്നതോടെ ലൊക്കാന്റോ പോലുള്ള വെബ്സൈറ്റുകളിലൂടെയാണ് ഓണ്‍ലൈന്‍ വാണിഭ സംഘങ്ങള്‍ സജീവമായിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ ഓണ്‍ലൈന്‍ ലൊക്കാന്റോ ക്ലാസിഫൈഡ് വെബ്സൈറ്റാണെന്നു തോന്നുമെങ്കിലും ഇതിനുള്ളില്‍ പെണ്‍വാണിഭമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. കൊച്ചിക്ക് പുറമേ തേക്കടി, മൂന്നാര്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലും ലൊക്കാന്റോ വഴി പെണ്‍വാണിഭം നടക്കുന്നുണ്ട്.പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുയാണ് വെബ്സൈറ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇരുപതിലധികം പെണ്‍വാണിഭ സംഘങ്ങളെ ലൊക്കാന്റോ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനത്തേത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘത്തെയാണ്.
വെബ്‌സൈറ്റില്‍ നിരവധി പരസ്യങ്ങള്‍ ദിനം പ്രതി പ്രസിദ്ധീകരിക്കുന്നത്. ഇതോടൊപ്പം നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മറ്റൊരു നമ്പറില്‍ നിന്ന് തിരികെ വിളിക്കുന്നതാണ് ഇവരുടെ രീതി. മലയാളത്തില്‍ ആയിരിക്കില്ല സംസാരമെന്ന് മാത്രം. വിളിക്കുന്നയാളിന്റെ ആവശ്യം തിരക്കിയ ശേഷം വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലും ഇ-മെയിലിലുമായി ലഭിക്കും. ഇതുവഴിയാണ് ഓരോ ഇടപാടുകളും നടക്കുന്നത്.
3000 നും 7000 നും ഇടയില്‍ ഒരു മണിക്കൂറിന് ഈടാക്കുന്നുണ്ട്. ഒരു രാത്രിക്ക് 15000 രൂപയും 25000 രൂപയും തുടങ്ങി വിവിധ നിരക്കുകളാണ് ഓരോ സംഘത്തിന്റെയും പരസ്യത്തില്‍ ഉള്ളത്. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് സംഘങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നതെന്ന് ലഭിക്കുന്ന വിവരം.
ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്‌സൈറ്റുകളുടെ പ്രധാന സന്ദര്‍ശകരിലേറെയും പ്രവാസികളാണെന്നതാണ് സൂചന. ഈ വെബ്‌സൈറ്റില്‍ നല്‍കുന്ന മിക്ക നമ്പറുകളിലേക്കും പ്രധാനമായും വിളികള്‍ വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേരളത്തിലെ സിനിമ, സീരിയല്‍, ആല്‍ബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്‌സൈറ്റ് വഴിയാണ് നടക്കുന്നത്.തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചും ഈ വെബ്‌സൈറ്റുകളില്‍ പരസ്യം വരാറുണ്ട്.
അതേസമയം, ലൊക്കാന്റോ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായതിനാല്‍ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. പോസ്റ്റുകളും മൊബൈല്‍ നമ്പറുകള്‍ നല്‍കുന്നവര്‍ എവിടെ നിന്നാണെന്ന് അന്വേഷിക്കാന്‍ മാത്രമാണ് പൊലീസിനു സാധിക്കുക.