പത്തനംതിട്ട: എസ്.എഫ്.ഐ. പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. മുസലിയാര്‍ കോളേജില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടര്‍ന്ന് പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇന്ന് പത്തനംതിട്ടയിലെ വിവിധ കോളേജുകളില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പല കോളേജുകളിലും എസ്.എഫ്.ഐ. ആണ് വിജയിച്ചത്. മുസലിയാര്‍ കോളേജിലും എസ്.എഫ്.ഐയാണ് വിജയിച്ചത്. എന്നാല്‍ വിജയാഘോഷത്തിനു പകരം എസ്.എഫ്.ഐ. പ്രതിഷേധ പ്രകടനമാണ് നടത്തിയത്. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
കെ.എസ്.യുവിനെതിരെ പ്രതിഷേധ പ്രകടനവുമായി കോളേജിനുള്ളില്‍നിന്ന് ഒരുസംഘം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ വിദ്യാര്‍ഥികള്‍ അവിടെ ഉണ്ടായിരുന്ന കെ.എസ്.യുവിന്റെ കൊടിമരവും കൊടിയും നശിപ്പിക്കാന്‍ ശ്രമിച്ചു. ഇത് അവിടെ ക്യാമ്പ് ചെയ്തിരുന്ന പോലീസുകാര്‍ തടഞ്ഞു. ഇതോടെ പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.