മിയാമി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റോയല്‍ കരീബിയന്‍സിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടും കപ്പലില്‍ ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ആറായിരത്തിലധികം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
കപ്പലിലുള്ള ഒരു യാത്രക്കാരന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് റോയല്‍ കരീബിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. കപ്പലിലുള്ള 95 ശതമാനം പേരും പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 98 ശതമാനം പേരാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് റോയല്‍ കരീബിയനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 11-ന് മിയാമിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. കരീബിയന്‍ തുറമുഖങ്ങളായ സെന്റ് മാര്‍ട്ടന്‍, സെന്റ് തോമസ് എന്നിവിടങ്ങളിലും അതുപോലെ റോയല്‍ കരീബിയന്‍ സ്വകാര്യ ദ്വീപായ കൊക്കോകേയിലുമായിരുന്നു കപ്പലിന്റെ സന്ദര്‍ശന സ്ഥലങ്ങള്‍. യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ മിയാമിയിലേക്ക് തിരിച്ചതായാണ് വിവരം.