കീവ്: റഷ്യന്‍ നാവികസേനയുടെ കരിങ്കടല്‍ ഫ്‌ലീറ്റിന്റെ കൊടിക്കപ്പല്‍ യുക്രെയ്ന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. ഫ്‌ലീറ്റിലെ മിസൈല്‍ ക്രൂസര്‍ കപ്പലായ മോസ്‌ക്വയെയാണു 2 നെപ്റ്റിയൂണ്‍ മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ ആക്രമിച്ചത്. കപ്പലിനു ക്ഷതം പറ്റിയെന്ന് സ്ഥിരീകരിച്ച റഷ്യ പക്ഷേ, ഇത് ആക്രമണം മൂലമാണെന്നു സമ്മതിച്ചിട്ടില്ല. കപ്പലില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് തീപിടിച്ചുവെന്നാണ് അവരുടെ വിശദീകരണം.
കപ്പലിലുണ്ടായിരുന്ന 500 നാവികരെ ഒഴിപ്പിച്ചു. കപ്പല്‍ തുറമുഖത്തേക്കു കെട്ടിവലിച്ചു കൊണ്ടുപോകാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും റഷ്യ വ്യക്തമാക്കി. കഴിഞ്ഞ മാസം റഷ്യയുടെ ടാങ്ക്വാഹിനിക്കപ്പലായ ഓര്‍സ്‌കിനെ ആസോവ് കടലിലെ ബെര്‍ഡ്യാന്‍സ്‌കില്‍ വച്ചു യുക്രെയ്ന്‍ ആക്രമിച്ചിരുന്നു. യുക്രെയ്‌നിന് 80 കോടി ഡോളറിന്റെ സൈനിക സഹായം കൂടി കഴിഞ്ഞദിവസം യുഎസ് പ്രഖ്യാപിച്ചു.
ഇതിനിടെ, പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ ഇന്നലെ യുക്രെയ്‌നിലെ യുദ്ധബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. രാജ്യാന്തര ക്രിമിനല്‍ കോടതി അധികൃതര്‍, റഷ്യന്‍ സേന കൂട്ടക്കൊല നടത്തിയ ബുച്ച മേഖല സന്ദര്‍ശിച്ചെന്ന് സെലെന്‍സ്‌കി പറഞ്ഞു. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്.