ഉത്ര വധക്കേസ് തെളിയാന്‍ കാരണമായത് എസ്ഐ പുഷ്പകുമാറിന്റെ മിടുക്ക്: ബാഗില്‍ നീ കൊണ്ടു വന്ന സാധനമെവിടെ എന്ന ഒറ്റചോദ്യത്തില്‍ സൂരജ് വിയര്‍ത്തു

0 second read
0
0

പത്തനംതിട്ട: കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വതയായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് പിടിയിലാകാന്‍ കാരണമായത് ജി. പുഷ്പകുമാര്‍ എന്ന എസ്ഐക്ക് തോന്നിയ നേരിയ ചില സംശയങ്ങളായിരുന്നു. ബന്ധുക്കളുടെ മൊഴിയിലെ ചില നുറുങ്ങു പരാമര്‍ശങ്ങള്‍ എസ്ഐയുടെ മനസില്‍ സംശയത്തിന്റെ വിത്തു പാകി. തുടര്‍ന്ന് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിറങ്ങിയ പുഷ്പകുമാര്‍ ഒരാഴ്ച കൊണ്ട് ഉറപ്പിച്ചു. ഇതൊരു കൊലപാതകമാണ്. പ്രതി ഉത്രയുടെ ഭര്‍ത്താവ് സൂരജ് തന്നെ. പക്ഷേ, ഈ കേസ് ലോക്കല്‍ പൊലീസിന്റെ കൈയില്‍ നില്‍ക്കില്ല. അതു കൊണ്ടു തന്നെ ഉത്രയുടെ മാതാപിതാക്കളോടും സഹോദരനോടും തന്റെ സംശയം പറഞ്ഞു. ഇതൊരു കൊലപാതകമാണെന്നും അറിയിച്ചു. നിങ്ങള്‍ നേരെ ചെന്ന് കൊല്ലം റൂറല്‍ എസ്പി എസ്. ഹരിശങ്കറിനെ കാണാന്‍ പറഞ്ഞു. അവര്‍ അതു പോലെ ചെയ്തു. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ഇന്നിപ്പോള്‍ ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുമ്പോള്‍ ജി. പുഷ്പകുമാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആണ്. കൂടല്‍ സ്റ്റേഷനില്‍ എസ്എച്ച്ഓ ആയി ജോലി ചെയ്യുന്നു.

അന്നത്തെ ആ അന്വേഷണം ഓര്‍ത്തെടുക്കുകയാണ് പുഷ്പകുമാര്‍:

2020 മേയ് ഏഴിന് രാവിലെയാണ് ഉത്ര മരിക്കുന്നത്. ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ പോയത് അഞ്ചല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ജോയിയാണ്. വൈകിട്ട് ബന്ധുക്കളുടെ മൊഴി വായിച്ചു നോക്കിയപ്പോള്‍ ഉത്രയ്ക്ക് ഇത് രണ്ടാം തവണയാണ് അടുപ്പിച്ച് പാമ്പു കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞതായി കണ്ടു. സംശയത്തിന്റെ ആദ്യ വിത്ത് വീണത് ഇവിടെയാണ്. എട്ടിന് കേസ് അന്വേഷണം എസ്ഐ പുഷ്പകുമാര്‍ ഏറ്റെടുത്തു. എസ്ഐ ഉത്രയുടെ വീട്ടില്‍ എത്തുമ്പോള്‍ സൂരജും ഉത്രയുടെ മാതാപിതാക്കളുമെല്ലാം ഒന്നിച്ചിരിക്കുന്നു.

അസ്വാഭാവികമായ പെരുമാറ്റം ആരുടെ ഭാഗത്തു നിന്നുമില്ല. കുറ്റാന്വേഷകന്റെ കണ്ണിലൂടെയാണ് സൂരജിനെ നോക്കിയത്. സംശയിക്കത്തക്ക പെരുമാറ്റമൊന്നും അയാളുടെ ഭാഗത്തും കാണാനില്ല. ഉത്രയുടെ ബന്ധുക്കള്‍ മറ്റ് സംശയമൊന്നും പറഞ്ഞതുമില്ല. സൂരജിനോടും ഉത്രയുടെ സഹോദരനോടും വൈകിട്ട് സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞ് മഹസറും എഴുതി എസ്ഐ മടങ്ങി. വൈകിട്ട് സ്റ്റേഷനില്‍ വന്ന സൂരജിന്റെ മൊഴി വളരെ ലളിതമായിട്ടാണ് രേഖപ്പെടുത്തിയത്. തന്റെ വീട്ടില്‍ നേരത്തേ പാമ്പു കയറിയിട്ടുണ്ടെന്നും ഒരു പാട് പാമ്പുള്ള പ്രദേശമാണിതെന്നും സൂരജ് പറഞ്ഞിരുന്നു. പാമ്പു പിടുത്തക്കാരുമായി ബന്ധമുണ്ടോയെന്ന് എസ്ഐ ചോദിച്ചു. നൂറനാട്ടുകാരന്‍ സുരേഷിനെ അറിയാമെന്ന് പറഞ്ഞു.

സുരേഷ് വീട്ടില്‍ വന്നിട്ടുണ്ടോയെന്നായി അടുത്ത ചോദ്യം. കഴിഞ്ഞ മാസം വന്നിരുന്നുവെന്ന് സൂരജ് മറുപടി നല്‍കി. സുരേഷിനെ എങ്ങനെയാണ് പരിചയം, ആരാണ് നമ്പര്‍ തന്നത് എന്നായിരുന്നു എസ്ഐയുടെ പിന്നീടുള്ള ചോദ്യം. വാവാ സുരേഷാണ് നമ്പര്‍ തന്നതെന്ന് വളരെ കൂളായി സൂരജ് ഉത്തരവും നല്‍കി. ഏറ്റവും അവസാനമായി സുരേഷിനെ വിളിച്ചത് കഴിഞ്ഞ മാസമാണെന്നും പറഞ്ഞു. നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ എന്ന് എസ്ഐ ചോദിച്ചു. സൂരജ് ഒന്നു നടുങ്ങുന്നതും കണ്ണുകള്‍ കുറുകുന്നതും എസ്ഐ ശ്രദ്ധിച്ചു. സംശയം ബലപ്പെട്ടു. നൂറനാട് സുരേഷിന്റെയും സൂരജിന്റെയും കാള്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കാന്‍ അന്ന് തന്നെ കൊടുത്തു. 11 ന് സിഡിആര്‍ (കാള്‍ റെക്കോഡ് ഡീറ്റെയ്ല്‍സ്) കിട്ടി. അതു പരിശോധിച്ചപ്പോള്‍ സൂരജിന്റെ മൊഴിയില്‍ ഏറെ വൈരുധ്യങ്ങള്‍. കഴിഞ്ഞ മാസം മാത്രമാണ് സുരേഷിനെ പരിചയപ്പെട്ടത് എന്നു പറഞ്ഞ സൂരജ് ആറു മാസം മുന്‍പ് അയാളുമായി ബന്ധമുണ്ടാക്കിയിരുന്നുവെന്ന് വ്യക്തമായി. ഇവര്‍ പതിവായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും മനസിലായി. ഇതോടെ എസ്ഐയുടെ സംശയം കനത്തു.

സ്റ്റേഷനില്‍ ഇടയ്ക്കിടെ വരുന്ന ഉത്രയുടെ ബന്ധുക്കളോട് തന്റെ സംശയം എസ്ഐ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ആദ്യം സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു. എസ്ഐ പുഷ്പകുമാര്‍ അന്ന് ഉത്രയെ ചികില്‍സിച്ച തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തി അതിന്റെ രേഖകള്‍ എല്ലാം ശേഖരിച്ചു. വീടിന് വെളിയില്‍ വച്ചാണ് ഉത്രയെ അണലി കടിച്ചത് എന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. എന്നാല്‍, ചികില്‍സാ രേഖകളില്‍ കടിയേറ്റത് മുട്ടിന് താഴെയായിട്ടാണെന്നാണ് പറഞ്ഞിരുന്നത്. വെളിയില്‍ വച്ച് അണലി കടിച്ചാല്‍ അതൊരിക്കലും മുട്ടിന് താഴെയാകില്ല. തലേന്ന് രാത്രി 8.30 ന് അണലി കടിച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചെ 2.30 നാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. മാത്രവുമല്ല, ഉത്രയെ അണലി കടിച്ച ദിവസം പകല്‍ ബാങ്ക് ലോക്കറില്‍ നിന്ന് കുഞ്ഞിന്റെ സ്വര്‍ണമെല്ലാം സൂരജ് എടുത്തു കൊണ്ടു പോയിരുന്നു. ഇത്രയും വസ്തുതകള്‍ തെളിഞ്ഞതോടെ എസ്ഐ പുഷ്പകുമാറിന് സൂരജിന് മേല്‍ സംശയം ഇരട്ടിച്ചു.

മേയ് 15 ആയതോടെ ഉത്രയുടെ കുഞ്ഞിനെ ചൊല്ലി അവകാശ തര്‍ക്കമായി. ഇരുകൂട്ടരും കുട്ടിയുടെ മേല്‍ അവകാശവാദമുന്നയിച്ചു. ഇതോടെ ചെറിയ തോതില്‍ പരാതിയായി. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചു. ഇരുകൂട്ടരും ഇടപെട്ട് കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്തു. വീണ്ടും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ വന്ന ഉത്രയുടെ ബന്ധുക്കളോട് എസ്ഐ പുഷ്പകുമാര്‍ ഇതൊരു കൊലപാതകം ആണെന്ന് തനിക്കുള്ള സംശയം പങ്കു വച്ചു. ഈ കേസ് ലോക്കല്‍ പൊലീസിന്റെ കൈയില്‍ നില്‍ക്കുന്ന ഒന്നല്ലെന്നും നിങ്ങള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കാനും പറഞ്ഞു. എസ്ഐയുടെ ഉപദേശം സ്വീകരിച്ച ഉത്രയുടെ മാതാപിതാക്കളും സഹോദരനും അടുത്ത ബന്ധുവായ അധ്യാപകനും കൂടി മേയ് 20 ന് റൂറല്‍ എസ്പിയെ കണ്ട് വിവരം ധരിപ്പിച്ചു. എസ്പി പ്രാഥമിക ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനെ വിട്ട് പ്രാഥമികാന്വേഷണം നടത്തി. 22 ന് ലോക്കല്‍ പൊലീസിന്റെ കൈയില്‍ നിന്നും കേസ് ഡയറി ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. അന്ന് വൈകിട്ട് സൂരജ് അറസ്റ്റിലുമായി.

ഉത്രയുടെ ബന്ധുക്കള്‍ക്ക് പോലും യാതൊരു സംശയവും ഇല്ലാതിരുന്ന കേസിനാണ് പുഷ്പകുമാര്‍ എന്ന എസ്ഐയുടെ അന്വേഷണ മികവില്‍ തുമ്പുണ്ടായത്. കേസിലേക്ക് നയിക്കുന്ന മുഴുവന്‍ വിവരങ്ങളും ശേഖരിച്ചത് പുഷ്പകുമാറായിരുന്നു. തുടര്‍ന്ന് വന്ന ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണം അനായാസമാക്കിയതും ഈ കണ്ടെത്തലുകളായിരുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപക വൃത്തിയില്‍ നിന്നും രാജി വച്ചാണ് പുഷ്പകുമാര്‍ പൊലീസിലേക്ക് എത്തിയത്.

Load More Related Articles
Load More By Editor
Load More In Exclusive

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…