തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി മൂന്നു ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനമിറക്കി. സര്‍വേ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലാണു പഠനം നടത്തുക. കാസര്‍കോട് 142. 9665 ഹെക്ടര്‍ ഭൂമിയും എറണാകുളത്ത് 116. 3173 ഹെക്ടര്‍ ഭൂമിയും തിരുവനന്തപുരത്ത് 130.6452 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കുക. 100 ദിവസത്തിനുള്ളില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കും.
കാസര്‍കോട് ജില്ലയില്‍ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണു പാത കടന്നു പോകുന്നത്. ഇതില്‍ 12 വില്ലേജുകളിലായി 27 കിലോമീറ്ററില്‍ കല്ലിടല്‍ പൂര്‍ത്തിയായി. ഒരിടത്ത് കല്ലിടല്‍ പുരോഗമിക്കുന്നു. 939 കല്ലുകളാണ് ഇതുവരെ ഇട്ടത്. സൗത്ത് തൃക്കരിപ്പൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍, ഉദിനൂര്‍, മാണിയാട്ട്, പിലിക്കോട്, നീലേശ്വരം,പെരോളി, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ്, ബല്ല, അജാനൂര്‍ വില്ലേജുകളിലാണു കല്ലിടല്‍ പൂര്‍ത്തിയായത്. ചിത്താരി വില്ലേജില്‍ കല്ലിടല്‍ പുരോഗമിക്കുന്നു.