കണ്ണൂര്‍: സില്‍വര്‍ ലൈനിനായി കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍. പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട എല്‍ 1993 നമ്പര്‍ സര്‍വേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയില്‍പെട്ടത്.
പ്രദേശത്തു സ്ഥാപിച്ച മറ്റു കല്ലുകള്‍ സുരക്ഷിതമാണ്. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. പൊലീസ് സഹായത്തോടെയാണു സര്‍വേ പൂര്‍ത്തീകരിച്ചത്. സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും.
മാടായിപ്പാറയില്‍ തുരങ്കം നിര്‍മിച്ചു പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം. കല്ല് പിഴുതു കളഞ്ഞത് ആരെന്നു വ്യക്തമല്ല. വിവരമറിഞ്ഞു പൊലീസ് അന്വേഷണം തുടങ്ങി. കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും പറയുന്നത്.