കൊച്ചി: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ വിശദീകരണ യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. രാവിലെ 11ന് എറണാകുളം ടിഡിഎം ഹാളിലാണ് പരിപാടി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍നിന്ന് 1.25 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം. കൊച്ചിയില്‍നിന്നു കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതി. കിലോമീറ്ററിന് 2.75 രൂപ യാത്രാനിരക്കു നിശ്ചയിക്കുമ്പോള്‍ 540 രൂപയ്ക്കു കൊച്ചിയില്‍നിന്നു തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകള്‍.
12 ജില്ലകളിലൂടെ കടന്നുപോകുന്ന വിധമാണ് അലൈന്‍മെന്റ്. 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണു ട്രെയിനുകള്‍ സഞ്ചരിക്കുക. സ്റ്റാന്‍ഡേഡ് ഗേജിലാണ് പാതയുടെ നിര്‍മാണം. കേരളത്തിന്റെ തെക്കുനിന്നു വടക്കേ അറ്റം വരെ യാത്ര ചെയ്യുന്നതിനു നിലവില്‍ പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് വേണ്ടത്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതു നാലുമണിക്കൂറായി ചുരുങ്ങും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ കടന്നുപോകുന്ന എല്ലാ നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 11 സ്റ്റേഷനുകളാകും പാതയില്‍ ഉണ്ടാകുക.