തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കൊല്ലം, കോട്ടയം, തൃശൂര്‍ സ്റ്റേഷനുകള്‍ വെള്ളക്കെട്ടുള്ള ഭൂമിയിലാണെന്ന് വിശദ പദ്ധതി രേഖ(ഡിപിആര്‍). എന്നാല്‍ വെള്ളക്കെട്ടുള്ള ഇവിടെ എങ്ങനെ നിര്‍മാണം നടത്തുമെന്നു ഡിപിആറില്‍ വ്യക്തമല്ല.
7 സ്റ്റേഷനുകള്‍ സ്വകാര്യ ഭൂമിയിലായിരിക്കും. അതിനു മാത്രം 246 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും കൊല്ലത്ത് 24 ഹെക്ടറും കാസര്‍കോട് 20 ഹെക്ടറും സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും പരാമര്‍ശമുണ്ട്.സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായി 47 വര്‍ഷമാകുമ്പോള്‍ ടിക്കറ്റ് വരുമാനത്തിലൂടെ 81.139 കോടി രൂപ വരുമാനം ലഭിക്കും. 2025 ല്‍ 22.76 കോടിയേ ലഭിക്കുകയുള്ളൂ. 2032 മുതല്‍ ഇത് കൂടും. 2061ല്‍ വരുമാനം 42.476 കോടിയാകുമെന്നും ഡിപിആറില്‍ പറയുന്നു. 2025ല്‍ യാത്രക്കാരുടെ എണ്ണം 79,930 മാത്രമായിരിക്കും. എന്നാല്‍ 2052 ല്‍ 1,58,946 ആകും.
ഒരു ദിവസം 18 സര്‍വീസുകളാണു നടത്തുക. ഒരു ട്രെയിനില്‍ 675 യാത്രക്കാര്‍ ഉണ്ടാകും. കഴക്കൂട്ടം, കൊല്ലം, പഴങ്ങനാട്, മൂരിയാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ട്രക്കുകള്‍ കയറ്റാനും ഇറക്കാനുമുള്ള റോ-റോ ഡിപ്പോകള്‍ സജ്ജമാക്കും.സ്വകാര്യ പങ്കാളിത്തത്തോടെ സ്‌പെഷല്‍ ട്രെയിനുകളും വിനോദ സഞ്ചാരികള്‍ക്കായി ട്രെയിനുകളും ഓടിക്കും. പദ്ധതി നടപ്പാക്കുമ്പോള്‍ പൊളിക്കേണ്ട ഏതാണ്ട് 11,000 കെട്ടിടങ്ങളുടെ വിശദമായ കണക്കും ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 620 പേജുള്ള സാധ്യതാ പഠനവും ഇതിലുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.