കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ല. പരിസ്ഥിതിക്കും പദ്ധതി ദോഷമുണ്ടാക്കില്ല. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന് പരിമിതികളുണ്ട്. എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരായ വിമര്‍ശനത്തില്‍ മന്ത്രി ഉറച്ചുനിന്നു. സര്‍ക്കാര്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തിക്കൊടുത്തിട്ടില്ല. മുന്‍പു നല്ലത് ചെയ്തു എന്നതുകൊണ്ട് പുതിയ നിര്‍മാണത്തില്‍ ഉഴപ്പാം എന്ന് കരുതിയാല്‍ അനുവദിക്കാനാവില്ല. ഒരു സ്ഥാപനത്തിനും കൊമ്പില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാതൃകാപരമായ കൂട്ടുകെട്ടാണ്. സര്‍ക്കാരും പാര്‍ട്ടിയും പരസ്പരം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടി കൃത്യമായ പങ്കുവഹിക്കുന്നുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു.