കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടക്കം പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ജെ. ഹേമചന്ദ്രന് ജൂലൈ 15 ന് വിശദവിവരങ്ങള്‍ അടങ്ങിയ കേസ് ഡയറിയുമായി നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.
പരാതിക്കാരന്റെ ആശങ്കള്‍ ദൂരീകരിക്കാനുതകുന്നതല്ല റിപ്പോര്‍ട്ടെന്ന് കോടതി നിരീക്ഷിച്ചു. 207 സാക്ഷികളെ ചോദ്യം ചെയ്യുകയും 127 രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് അറിയിച്ച കാര്യം കോടതിക്ക് ബോധ്യമായി. എന്നാല്‍ അന്വേഷണ രീതി, പുരോഗതി, ഇനി ചോദ്യം ചെയ്യാനുള്ളവര്‍, അന്വേഷണം എന്ന് പൂര്‍ത്തിയാകും ഈ വക കാര്യങ്ങളിലൊന്നും വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു.
പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ നിന്ന് 15.85 കോടി രൂപ എസ്എന്‍ഡിപി യോഗത്തിലെ അംഗങ്ങള്‍ രൂപീകരിക്കുന്ന എസ്എച്ച്ജികള്‍ക്ക് പരമാവധി 4 % പലിശയ്ക്ക് അവരുടെ സംരംഭങ്ങള്‍ക്ക് ആയി നല്കുവാന് കൊടുത്തത് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തത് യൂണിയനുകളിലെ തന്റെ വിശ്വസ്തര്‍ക്ക് 18 % വരെ പലിശയ്ക്ക് നല്കിയതും ഉള്‍പ്പെടെ അന്വേഷിക്കുന്നതില്‍ വിജിലന്‍സ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് പരാതിക്കാര്‍ 2016 ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എട്ടു മാസത്തിനുള്ളില്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ വച്ച് അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ 2018 ഏപ്രില്‍ 11 ന് ഹൈക്കോടതി ഉത്തരവിട്ടു. അതനുസരിച്ച് ഏപ്രില്‍ 28 ന് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രുപീകരിച്ചു.
അന്വേഷണം അട്ടിമറിക്കപ്പെടുമെന്നായപ്പോള്‍ അന്തരിച്ച കെ.കെ. മഹേശന്റെ അനന്തിരവന് എം.എസ്. അനിലിനെ കക്ഷി ചേര്‍ത്ത് എസ്.എന്‍.ഡി.പി സംരക്ഷണ സമിതി അഡ്വ: ഡി. അനില്‍ വഴി ഈ കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
ഈ കേസില്‍ നാളിതുവരെ നടന്ന അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ ഹൈക്കോടതി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ള പ്രതികളുടെ അറിവോടെയാണ്, തട്ടിപ്പ് നടന്നിട്ടുള്ളത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി വ്യക്തമാക്കിയിരുന്നു. 52,298 പേര്‍ക്കായി 2775 എസ്എച്ച്ജികള്‍ക്ക് ലോണ്‍ കൊടുത്തു എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഒരേ എസ്എച്ച്ജികളുടെ പേരില്‍ പല സ്ഥലത്ത് വായ്പ കൊടുത്തതായി വ്യക്തമാണ്.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ കൂടാതെ ബ്ലേഡ് പലിശയ്ക്ക് പണം കൊടുക്കുന്ന കുറ്റം ഉള്‍പ്പെടെ എല്ലാ തട്ടിപ്പും പ്രതികളുടെ അറിവോടെ നടത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്തനംതിട്ട, ചേര്‍ത്തല, കോട്ടയം, വയനാട്, തിരുവാമ്പാടി, ഹൈറേഞ്ച്, മാനന്തവാടി, തിരൂര്‍ തുടങ്ങിയ യൂണിയനുകളില്‍ നിരവധി തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടിലുണ്ട്.
വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെ പ്രതികള്‍ കുറ്റക്യത്യം ചെയ്തതായി പറയുന്ന റിപ്പോര്‍ട്ടില്‍ പ്രതികളെഒരു ചോദ്യം പോലും ചോദിച്ച് ഒരു വാക്ക് എങ്കിലും എഴുതിയെടുത്തതായി പറയുന്നില്ല. ഇക്കാര്യം മനസിലാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.