റാന്നി: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. പട്ടി കടിച്ച് മരിച്ചാലും ജാതിയും മതവും നോക്കിയാണ് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച പെരുനാട്ടിലെ അഭിരാമിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയില്ല. റാന്നി യൂണിയന്‍ അരലക്ഷം കൊടുത്തു. ഞാന്‍ ഒരു ലക്ഷം കൊടുക്കും. സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് റാന്നി യൂണിയന്‍ പരാതി കൊടുത്തിരുന്നു. പരിശോധിച്ചു വരികയാണെന്ന് മറുപടി ലഭിച്ചത് മാസങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ്. യോഗം വോട്ടു ബാങ്ക് ആയിരുന്നെങ്കില്‍ സഹായം എന്നേ ലഭിക്കുമായിരുന്നു.
കുടുംബത്തെ സഹായിച്ചിരുന്നെങ്കില്‍ നമുക്കും സര്‍ക്കാരിനും അഭിമാനമാകുമായിരുന്നു. നമ്മള്‍ ഒന്നാകണം എന്നാണ് യൂണിയന്‍ അംഗങ്ങളോട് പറയാനുള്ളത്. മതേതരത്വം കപട നാണയമാണ്. സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ജാതിയും മതവും നോക്കിയാണ്. ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങി. ഗുരുദര്‍ശനം എന്ന ഒറ്റമൂലി മാത്രമാണ് മരുന്ന്. സംഘടനാ ശക്തി കൂടുതല്‍ ഊട്ടിയുറപ്പിക്കണം. അയിത്തവും അനാചാരവും ഇനിയും ഇല്ലാതാക്കണം. കണിച്ചുകുളങ്ങരയില്‍ അനാചാരം ഇല്ലാതാക്കി. എല്ലാവരുടെയും ക്ഷേത്രമാക്കി. കോഴി വെട്ടും ആന ആറാട്ടും നിറുത്തി. ഷര്‍ട്ടിട്ട് കയറാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടിയില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.എം.എല്‍.എമാരായ അഡ്വ.കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയന്‍, ഇന്‍സ്പെക്ടിങഗ് ഓഫീസര്‍ രവീന്ദ്രന്‍ എഴുമറ്റൂര്‍, അടൂര്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ.എം.മനോജ് കുമാര്‍, ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് കെ.ആര്‍.സുരേഷ്, റോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍, പഞ്ചായത്തംഗം അജിതാ റാണി, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗം ലീലാ ഗംഗാധരന്‍, വനിതാസംഘം യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ട്രഷറര്‍ നിര്‍മ്മലാ ജനാര്‍ദ്ദനന്‍, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത് മണ്ണടി, യൂണിയന്‍ ജോയിന്റ് സെക്രട്ടറി ആശാ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.