
കാഴ്ചശക്തി കിട്ടിയെന്ന വ്യാജപ്രചാരണം ശക്തമായതോടെ വിവിധയിടങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. അത്തരമൊരു വാര്‍ത്തയുടെ ഉറവിടം ഏതാണെന്നു തനിക്കറിയില്ലെന്നും ഇത്തരം തെറ്റിദ്ധാരണകള്‍ പടച്ചുവിടുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും ഗായിക വൈക്കം വിജയലക്ഷ്മി.
‘ഈ വാര്‍ത്ത ആരാണു സൃഷ്ടിച്ചതെന്നു മനസ്സിലാകുന്നില്ല. എനിക്ക് കാഴ്ച കിട്ടിയിട്ടില്ല. അതിന്റെ ചികിത്സ തുടങ്ങിയിട്ടുമില്ല. കാഴ്ച ലഭിക്കാനുള്ള ചികിത്സയ്ക്കു മുന്നോടിയായി ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. കണ്ണിലേക്കുള്ള രക്തക്കുഴലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുകയാണ്. റെറ്റിനയുടെ ചികിത്സയാണു ഇനി നടത്താനുള്ളത്. റെറ്റിന മാറ്റി വച്ചാല്‍ കാഴ്ച കിട്ടുമെന്നാണു വിദഗ്ധാഭിപ്രായം. തുടര്‍ചികിത്സക്കായി അടുത്തവര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ പോകാമെന്നു കരുതുന്നു.
എനിക്കു കാഴ്ച ലഭിച്ചുവെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത് ആരാണെന്നും എന്തിനാണെന്നും അറിയില്ല. വിവരം അന്വേഷിച്ചു വിളിക്കുന്നവരോടു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ്. കാഴ്ച ഇല്ലാത്ത എന്നോട് ‘ഇപ്പോള്‍ കണ്ണൊക്കെ കാണാമല്ലോ’ എന്നു ചിലര്‍ ചോദിക്കുന്നു. അത് എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എന്റെ പ്രിയപ്പെട്ട ആരാധകരും സുഹൃത്തുക്കളും ഈ വ്യാജപ്രചാരണം വിശ്വസിക്കരുത്. എനിക്കു കാഴ്ച കിട്ടാനായി പ്രാര്‍ഥിക്കണം’, വിജയലക്ഷ്മി പറഞ്ഞു.
അടുത്തിടെ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് വൈക്കം വിജയലക്ഷ്മിക്കു കാഴ്ച ലഭിച്ചുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നാലെ അത് നിഷേധിച്ച് ഗായിക തന്നെ രംഗത്തെത്തിയിരുന്നു. ചികിത്സാപുരോഗതിയെക്കുറിച്ചും വെളിപ്പെടുത്തിയ വിജയലക്ഷമി, കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയതായും അറിയിച്ചു.
അടുത്തിടെയാണ് വിജയലക്ഷ്മിക്ക് മികച്ച നാടക ഗാന ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത്. കുമാരനാശാനും ചണ്ടാല ഭിക്ഷുകിയും എന്ന നാടകത്തിനു വേണ്ടി കേരളപുരം ശ്രീകുമാര്‍ സംഗീതം നല്‍കിയ ഗാനത്തിനാണ് വിജയലക്ഷ്മിയുടെ പുരസ്‌കാരം നേട്ടം.