
കൊച്ചി: സ്വപ്ന സുരേഷ് വിളിച്ചിട്ടാണ് കഴിഞ്ഞ ദിവസം താന്‍ പാലക്കാട് അവര്‍ താമസിക്കുന്ന സ്ഥലത്തു പോയതെന്നു ഷാജ് കിരണ്‍. സരിത്തിനെ ആരോ തട്ടിക്കൊണ്ടു പോയി ഇവിടെ വരാമോ എന്നു പറഞ്ഞാണ് വിളിച്ചത്. അവിടെ ചെന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. വൈകിട്ട് ആറു വരെ അവര്‍ക്കൊപ്പമുണ്ടായിരുന്നു.
തനിക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സ്വപ്നയാണെന്നു കരുതുന്നില്ല. സ്വപ്നയില്‍ നിന്നു തന്നെ അകറ്റാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്. 55-60 ദിവസമായി സ്വപ്നയുമായി അടുപ്പവും സൗഹൃദവുമുണ്ട്. അവരുമായി താന്‍ അടുക്കുന്നതില്‍ താല്‍പര്യമില്ലാത്ത ആരോ ആണ് സത്യവാങ്മൂലത്തിനു പിന്നിലെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ താന്‍ അവരെ ഭീഷണിപ്പെടുത്തി എന്നത് അവരുടെ വായില്‍ നിന്നു കേള്‍ക്കണമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായിരുന്ന ഷാജ് കിരണ്‍ മുഖ്യമന്ത്രിയുമായും കോടിയേരിയുമായും അടുപ്പമുള്ള ആളാണെന്നും അവര്‍ക്ക് ഇടനിലയ്ക്കായി കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി എന്നുമാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. അതേസമയം ഇപ്പോള്‍ ചെയ്യുന്നതിന്റെ അനന്തരഫലം ഗൗരവമുള്ളതായിരിക്കുമെന്ന് ഒരു സുഹൃത്തെന്ന നിലയില്‍ അവരെ ഉപദേശിച്ചിരുന്നതായി ഷാജ് സമ്മതിക്കുന്നുണ്ട്. ഭീഷണിപ്പടുത്തിയിട്ടില്ലെന്നും 2014ലാണ് താന്‍ അവസാനമായി മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളതെന്നും അല്ലാതെ യാതൊരു ബന്ധവുമില്ലെന്നും ഷാജ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇന്നലെ അവര്‍ പറഞ്ഞതനുസരിച്ചു വൈകുന്നേരം വരെ പാലക്കാട്ടുണ്ടായിരുന്നു. അപ്പോഴൊന്നും സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നുണ്ടെന്നു പറഞ്ഞില്ല. സ്വപ്ന കോടതിയില്‍ 164 സ്റ്റേറ്റ്‌മെന്റ് കൊടുത്ത ദിവസം രാവിലെയും കൊടുത്ത ശേഷവും സംസാരിച്ചിരുന്നു. സ്വപ്നയുമായി എല്ലായ്‌പോഴും സ്വകാര്യമായ കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിയാണോ എന്ന് ഒരിക്കല്‍ പോലും അവരോടു ചോദിച്ചിട്ടില്ല. അതില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമില്ലാതിരുന്നതിനാലാണ് ചോദിക്കാതിരുന്നത്. സ്വപ്നയുമായുള്ള സൗഹൃദം ഭാര്യയ്ക്കും പിതാവിനും അറിയാം.