കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു കേരളത്തിലെ ഉന്നതരായ വ്യക്തികള്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി താന്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതാണു തന്റെ ജീവന്‍ അപകടത്തിലാക്കാന്‍ വഴിയൊരുക്കിയതെന്നു സ്വപ്ന സുരേഷ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി, കുടുംബാംഗങ്ങള്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തുടങ്ങിയവരുടെ ഇടപെടലുകളെക്കുറിച്ചുള്ള രഹസ്യ സ്വഭാവമുള്ള വെളിപ്പെടുത്തലുകള്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോടു നടത്തിയിരുന്നു. ഇതിനുള്ള തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) കസ്റ്റംസും പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയിലുണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്തു രഹസ്യമൊഴിയായും ഇവ കസ്റ്റംസ് രേഖപ്പെടുത്തി. ഇതിലെ വിവരങ്ങള്‍ കസ്റ്റംസ് തന്നെ ആരോപണവിധേയര്‍ക്കു ചോര്‍ത്തിയെന്ന വിമര്‍ശനമാണു കോടതിയുടെ സംരക്ഷണം ആവശ്യപ്പെട്ടു സ്വപ്ന നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നത്.
എന്നാല്‍, കേസില്‍ ജാമ്യം ലഭിച്ച ശേഷം സ്വപ്ന ഉന്നയിക്കുന്ന ആരോപണങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്ന നിലപാടാണു കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന ഗൗരവസ്വഭാവമുള്ള ആരോപണങ്ങള്‍ നേരത്തെ മൊഴിയായി നല്‍കിയിട്ടുണ്ടെന്ന സ്വപ്നയുടെ നിലപാടിനെ കസ്റ്റംസും ഇഡിയും തള്ളി. പുതിയ മൊഴി പരിശോധിച്ച ശേഷം മാത്രമേ അതിനു തെളിവുണ്ടോയെന്നു കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.