തൊടുപുഴ: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതെന്നു കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ്. കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണം. രണ്ടാമതു ഭരണം കിട്ടി എന്നതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് നിരപരാധി ആകുന്നില്ലെന്നും ജോസഫ് പറഞ്ഞു.
സ്വപ്നയുടെ വെളിപ്പെടുത്തലോടെ കേസിന്റെ ഗൗരവം കൂടി. ഇടതുമുന്നണിയുടെ ജയം അഴിമതികള്‍ക്കുള്ള അംഗീകാരമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉള്‍പ്പെടെ സംശയത്തിന്റെ നിഴലിലാക്കിയാണു കഴിഞ്ഞ ദിവസം സ്വപ്നയുടെ വെളിപ്പെടുത്തലുണ്ടായത്.
”എനിക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എല്ലാവര്ക്കും അറിയാവുന്നതു പോലെ എം.ശിവശങ്കര്‍, ബഹുമാന്യനായ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം.രവീന്ദ്രന്, നളിനി നെറ്റോ, അന്നത്തെ മന്ത്രി കെ.ടി.ജലീല്‍… ഇങ്ങനെയുള്ള എല്ലാവരുടെയും പങ്ക് എന്താണ്, അവരെന്താണു ചെയ്തിട്ടുള്ളത് എന്നു ഞാന്‍ വളരെ വ്യക്തമായി കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്” എന്നായിരുന്നു മജിസ്ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയശേഷം സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്.