തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്

2 second read
0
0

കൊച്ചി: തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ഫോണില്‍ വിളിച്ച് മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്‌ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടുത്തി ഡിജിപിക്ക് പരാതി നല്‍കിയെന്നും സ്വപ്ന പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുന്‍മന്ത്രി കെ.ടി.ജലീലിന്റെയും പേരുകള്‍ പറയുന്നതും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നിര്‍ത്താനാണ് ഭീഷണി. അല്ലെങ്കില്‍ എന്നെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളില്‍ നൗഫല്‍ എന്നു പറഞ്ഞയാള്‍ കെ.ടി.ജലീല്‍ പറഞ്ഞാണ് വിളിക്കുന്നതെന്നു പറഞ്ഞു.

എന്റെ മകനാണ് ആദ്യത്തെ കോള്‍ എടുത്തത്. അത് റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ കോളില്‍ മരട് അനീഷ് എന്നയാളുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യമെന്ന് എനിക്ക് മനസ്സിലായി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മൊഴി നല്‍കുന്നത് തടസ്സപ്പെടുത്താനാണ് ശ്രമം. ഈ അന്വേഷണം എവിടെവരെ പോകുമെന്ന് എനിക്ക് അറിയില്ല. ഞാനും എന്റെ മകനും എന്റെ അമ്മയുമൊക്കെ ഏതു സമയവും കൊല്ലപ്പെടാം. അതേതെങ്കിലും രീതിയിലായിരിക്കാം. പക്ഷേ, ജീവനുള്ളിടത്തോളെ കാലം എല്ലാ തെളിവുകളും ശേഖരിക്കാന്‍ ഇഡിയുമായി സഹകരിച്ച് എല്ലാത്തിനും വ്യക്തത വരുത്തും’- സ്വപ്ന പറഞ്ഞു.

അതിനിടെ സ്വപ്ന സുരേഷ് കൊച്ചി കൂനമ്മാവിനു സമീപം വാടക ഫ്‌ലാറ്റിലേക്കു താമസം മാറി. ‘ഹോട്ടലുകളില്‍ ഒക്കെ കൊടുക്കാന്‍ ഇനി അധികം പണം എന്റെ കയ്യിലില്ല. അതിനാല്‍ കൊച്ചിയിലേക്കു താമസം മാറി. ഒരുപാട് ബുദ്ധിമുട്ടിയാണ് വാടകയ്ക്ക് ഒരു ഫ്‌ലാറ്റ് കിട്ടിയത്. ആ ഹൗസ് ഓണറിനെയും പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ചെന്ന് ഭയപ്പെടുത്തുന്നുണ്ട്.’- സ്വപ്ന പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണു എറണാകുളം ജില്ലയിലേക്കു താമസം മാറുന്നതെന്നു സ്വപ്നയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതു കൊച്ചിയിലേക്കാണ്. നിയമസഹായം നല്‍കുന്ന അഭിഭാഷകരും കൊച്ചിയിലാണ്. ഓരോ തവണയും പാലക്കാട്ടുനിന്ന് എത്താന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സ്വപ്നയ്ക്കു തടസ്സമാകുന്നുണ്ട്. വരാപ്പുഴ തിരുമുപ്പം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റാണ് വാടകയ്‌ക്കെടുത്തത്. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…