
അബുദാബി: ഐ.പി.എല്‍ 14-ാം സീസണില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ച വെയ്ക്കുന്ന താരമാണ് റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍.
ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മൂന്നു വിക്കറ്റുകള്‍ കൂടി സ്വന്തമാക്കിയതോടെ ഒരു ഐ.പി.എല്‍ റെക്കോഡും ഹര്‍ഷല്‍ സ്വന്തമാക്കി.
29 വിക്കറ്റുകള്‍ ഇതിനോടകം തന്നെ സ്വന്തം പേരിലാക്കിയ താരം ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് ഹര്‍ഷല്‍ മറികടന്നത്. കഴിഞ്ഞ സീസണില്‍ മുംബൈക്കായി 27 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയിരുന്നത്.
മത്സരത്തില്‍ നാല് ഒവറില്‍ 33 റണ്‍സ് വഴങ്ങി കെയ്ന്‍ വില്യംസണ്‍, വൃദ്ധിമാന്‍ സാഹ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷല്‍ വീഴ്ത്തിയത്.ഇത്തവണത്തെ സീസണില്‍ ഒരു ഹാട്രിക്കും ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഹര്‍ഷല്‍ സ്വന്തമാക്കിയിട്ടുണ്ട്.