കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 223 റണ്‍സിനു പുറത്ത്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് (201 പന്തില്‍ 12 ഫോറും ഒരു സിക്‌സും അടക്കം 79), ടോപ് സ്‌കോറര്‍. കോലിയെക്കൂടാതെ ചേതേശ്വര്‍ പൂജാര മാത്രമാണു (77 പന്തില്‍ 7 ഫോര്‍ അടക്കം 43) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റിന് 17 റണ്‍സ് എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്ക ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. ഏയ്ഡന്‍ മാര്‍ക്രം (8), നൈറ്റ് വാച്ച്മാന്‍ കേശവ് മഹാരാജ് (6) എന്നിവരാണു ക്രീസില്‍. ഇന്ത്യയെക്കാള്‍ 206 റണ്‍സിനു പിന്നിലാണു ദക്ഷിണാഫ്രിക്ക.
കെ.എല്‍. രാഹുല്‍ (12), മയാങ്ക് അഗര്‍വാള്‍ (15), അജിന്‍ക്യ രഹാനെ (9), ഋഷഭ് പന്ത് (27), രവിചന്ദ്രന്‍ അശ്വിന്‍ (2), ഷാര്‍ദൂല്‍ ഠാക്കൂര്‍ (12), ജസ്പ്രീത് ബുമ്ര (0), ഉമേഷ് യാദവ് (4 നോട്ടൗട്ട്), മുഹമ്മദ് ഷമി (7) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ 73 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. 55 റണ്‍സിനു 3 വിക്കറ്റെടുത്ത മാര്‍ക്കോ ജാന്‍സനും മികച്ച പ്രകടനമാണു പുറത്തെടുത്തത്. ഡ്യുവാന്‍ ഒലിവിയര്‍, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റില്‍ പൂജാര – കോലി സഖ്യം 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ രാഹുലും മയാങ്കും മികച്ച തുടക്കമിട്ടെങ്കിലും, രണ്ടു റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും പുറത്തായതാണ് തിരിച്ചടിയായത്. 35 പന്തില്‍ ഒരു ഫോര്‍ സഹിതം 12 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഡ്യുവാന്‍ ഒലിവിയറാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്ന്‍ ക്യാച്ചെടുത്തു.